ചോ: പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ തമ്മിൽ വ്യത്യാസമുണ്ടോ? ഇല്ലെങ്കിൽ സ്ത്രീയുടെ കേശം നിർബ്ബന്ധമായും മറയ്ക്കണമെന്നും പുരുഷ കേശം മറച്ചുകൊള്ളണമെന്നില്ലെന്നും നിശ്ചയിച്ചതെന്തുകൊണ്ട്? പുരുഷന്മാർ ചെവി മറച്ചുകൊണ്ട് മുടിചീകിവെക്കുന്നത് ഇസ്ലാമികമാണോ?
ഉത്തരം: മുടി എന്ന നിലക്ക് സ്ത്രീ കേശവും പുരുഷകേശവും മുടി തന്നെ. എനാൽ സൗന്ദര്യ വീക്ഷണത്തിൽ സ്ത്രീ കേശവും പുരുഷ കേശവും തമ്മിൽ വളരെ അന്തരമുണ്ട്. സ്ത്രീക്ക് സൗന്ദര്യവും അലങ്കാരവുമാണ് അവളുടെ കേശം. അത് പുരുഷന്മാരെ ആകർഷിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ കാർകൂന്തലിനെ വർണ്ണിക്കുന്ന കവിതകളും കഥകളും ചിത്രങ്ങളും എല്ലാം സുലഭമാണല്ലോ. തലമുടി ഒരലങ്കാരവും ആകർഷണീയതയുമായതു കൊണ്ടാണ് സ്ത്രീകൾ അത് നീട്ടി വളർത്തുന്നതും ദീർഘ കേശിനികളല്ലാത്തവർ കൃത്രിമ മുടിവാങ്ങി തങ്ങളുടെ കുറ്റിരോമങ്ങളിൽ ഏച്ചുകൂട്ടി പ്രദർശിപ്പിക്കുന്നതും. ഈ ആകർഷണീയതയുള്ളതുകൊണ്ടാണ് സ്ത്രീകൾ പരസ്യമായി പ്രദർശിപ്പിച്ചു നടന്നുകൂടാത്ത അലങ്കാരങ്ങളിൽ തലമുടിയും ഉൾപ്പെട്ടത്.
Also read: പഠനത്തിന് വേണ്ടി പ്രസവം വൈകിപ്പിക്കാമോ?
പുരുഷന്റെ തലമുടിക്ക് ഈ പ്രത്യേകതയില്ല. അതിനാൽ അവൻ മുടി മുറിക്കുകയോ വടിക്കുകയോ മറയ്ക്കുകയോ തുറന്നിടുകയോ ചെയ്യുന്നതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല. പുരുഷന്മാർ ഇന്ന രീതിയിൽ വേണം തലമുടി ചീകിവെക്കാൻ എന്നു കർശനമായ ഒരു നിർദ്ദേശം ഇസ്ലാമിലില്ല. തലമുടി വ്യത്തിയായും സുന്ദരമായും കൊണ്ടുനടക്കണമെന്നേയുള്ളൂ. ചെവി മറച്ചുകൊണ്ട് മുടി ചീകിവെക്കുന്നത്
വൃത്തിക്കും സൗന്ദര്യത്തിന്നും വിരുദ്ധമാണെങ്കിൽ അതനഭിലഷണീയമാണ്. ഇസ്ലാമിന്നന്യമായ ആചാരങ്ങളോടുള്ള അന്ധമായ ഭയമാണതിന്നു പ്രേരിപ്പിക്കുന്നതെങ്കിലും കാര്യം അപ്രകാരം തന്നെ. ഇതൊന്നുമല്ലാതെ കൂടുതൽ സുന്ദരമെന്ന നിലക്കോ ഒരു നല്ല പരിഷ്കാരമെന്ന നിലക്കോ ആണ് അങ്ങനെ ചെയ്യുന്നതെങ്കിൽ അതുകൊണ്ട് കുഴപ്പമൊന്നുമില്ല.