സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത് ചൊല്ലാൻ മറന്നാൽ എന്തുചെയ്യും?
ഉത്തരം: കർമശാസ്ത്ര പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള ഒരു വിഷയമാണ് സുബ്ഹ് നമസ്കാരത്തിലെ ഖുനൂത്ത്. അത് സുന്നത്താണെന്ന് ചിലർ കരുതുന്നു; അല്ലെന്ന് മറ്റു ചിലരും. നബി(സ) സുബ്ഹ് നമസ്കാരത്തിൽ ഖുനൂത്ത് ഓതിയിരുന്നതായി ചില ഹദീസുകളിൽ വന്നിട്ടുണ്ട്. പക്ഷേ, ഖുനൂത്ത് ഓതിയിരുന്നപ്പോഴെല്ലാം അദ്ദേഹം മുസ്ലിംകളെ ദേഹിച്ചിരുന്ന മുശ്രിക്കുകൾക്കെതിരെയും വിശ്വാസികളായ മർദ്ദിത ജനവിഭാഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുകയാണ് ചെയ്തതെന്ന് ഹദീസുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രത്യേക കാരണങ്ങളുള്ളതിനാൽ പ്രത്യേക സന്ദർഭങ്ങളിൽ ചെയ്യുന്ന ഖുനൂത്താണത്. ഇതിനെ കർമശാസ്ത്ര പണ്ഡിതർ ഖുനൂത്തുന്നവാസിൽ (ആപത്ത് വരുമ്പോൾ ചൊല്ലുന്ന ഖുനൂത്ത്) എന്ന് വിളിക്കുന്നു. അതായത്, മുസ്ലിംകൾക്ക് വല്ല ബുദ്ധിമുട്ടോ വിപത്തോ ഉണ്ടാകുമ്പോൾ ചൊല്ലുന്ന പ്രാർഥന. ഉച്ചത്തിൽ ചൊല്ലുന്ന നമസ്കാരങ്ങളിലാണ് ഇത് പ്രാർഥിക്കേണ്ടതെന്നാണ് ചട്ടം. തങ്ങളെ ബാധിച്ച വിപത്തിൽനിന്ന് രക്ഷി
ക്കാനും ഏത്രയും വേഗം അതിൽനിന്ന് തങ്ങളെ മോചിപ്പിക്കാനും അല്ലാഹുവിനോട് വിനയപൂർവം ആവശ്യപ്പെടുകയാണതിൽ. അതാണ് തിരുദൂതർ ചെയ്തിരുന്നത്. ശാഫിഈ മദ്ഹബിലെ ചില പണ്ഡിതൻമാർ സുബ്ഹ് നമസ്കാരത്തിൽ സ്ഥിരമായി ഖുനൂത്ത് ഓതുന്നത് സുന്നത്താണെന്ന് കരുതുന്നു.ഇത്തരം കാരണങ്ങൾ യഥാർഥത്തിൽ ഐച്ഛികമാണ്. അതൊരാൾ ഉപേക്ഷിച്ചാൽ അയാളുടെ മേൽ കുറ്റമൊന്നുമില്ല.
Also read: ആദ്യ ഭാര്യയറിയാതെ രണ്ടാം വിവാഹം കഴിക്കുന്നത്?
ഒരിക്കൽ ഇമാം ശാഫിഈ ബഗ്ദാദിൽ പോയപ്പോൾ ഇമാം അബൂഹനീഫയുടെ അഭിപ്രായത്തോടുള്ള ആദരവ് പരിഗണിച്ച് സുബ്ഹ് നമസ്കരത്തിൽ ഖുനൂത്ത് ഓതാതിരുന്ന ഒരു സംഭവം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇളവും ഉദാരതയുമുണ്ടെന്നാണ് പ്രസ്തുത സംഭവം സൂചിപ്പിക്കുന്നത്. കാർക്കശ്യം ഇതിൽ അഭികാമ്യമല്ല.