Homeഅനുഷ്ഠാനംനോമ്പ്ഫിത്വര്‍ സകാത്ത് നാട് മാറി നല്‍കല്‍

ഫിത്വര്‍ സകാത്ത് നാട് മാറി നല്‍കല്‍

ചോദ്യം: ഫിത്വര്‍ സകാത്ത് സ്വന്തം മഹല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ? ദരിദ്രരും പട്ടിണിക്കാരും മറ്റു പ്രദേശങ്ങളില്‍ ഉള്ള സാഹചര്യത്തില്‍ അവിടങ്ങളില്‍ നല്‍കുന്നതിന്റെ വിധി എന്താണ്. പ്രയാസമനുഭവിക്കുന്നവര്‍ തൊട്ടടുത്ത മഹല്ലുകളിലും പ്രദേശങ്ങളിലുമുണ്ട്. ഫിത്വര്‍ സകാത്ത് മഹല്ലിന് പുറത്ത് ആവശ്യക്കാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

ഉത്തരം: സകാത്തുല്‍ ഫിത്വര്‍ അതത് പ്രദേശവാസികള്‍ തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് തന്നെയാണ് വിതരണം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സകാത്തുല്‍ ഫിത്വ്‌റിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് പെരുന്നാള്‍ ദിവസം യാചനയും അലച്ചിലും ഒഴിവാക്കി ഓരോരുത്തരും അവരവരുടെ വീട്ടില്‍ തന്നെ ഭക്ഷണമുണ്ടാക്കുകയും അതിഥികളെ സല്‍ക്കരിക്കുകയുമൊക്കെ ചെയ്യാന്‍ പാകത്തില്‍ സുഭിക്ഷത ഉണ്ടാക്കലാണെന്ന് തിരുമേനി (സ) വ്യക്തമാക്കിയിട്ടുണ്ട്.

ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ” നോമ്പുകാരന് അനാവശ്യങ്ങളില്‍ നിന്നും വൃത്തികേടുകളില്‍ നിന്നുമുള്ള ശുദ്ധീകരണമായും, അഗതികള്‍ക്ക് ആഹാരമായും അല്ലാഹുവിന്റെ റസൂല്‍ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കി. വല്ലവനും പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് അത് കൊടുത്തു വീട്ടിയാല്‍ അത് സ്വീകാര്യമായ സകാത്താകുന്നു. ഇനിയാരെങ്കിലും പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കില്‍ അത് കേവലം ദാനം മാത്രമായിരിക്കും” (അബൂദാവൂദ് 1609).’
അഥവാ അത് സകാത്തുല്‍ ഫിത്വ്‌റായി പരിഗണിക്കപ്പെടുകയില്ല എന്നര്‍ഥം.

” അന്നേ ദിവസമെങ്കിലും അലയാന്‍ ഇടവരുത്താതെ അഗതികള്‍ക്ക് സുഭിക്ഷത ഉറപ്പുവരുത്തുവിന്‍” (ദാറഖുത്വ്‌നി 2157, ബൈഹഖി 7990).

ഇന്ന് പല മഹല്ലുകളിലും പെരുന്നാളിന് പട്ടിണി കിടക്കുന്നവരോ സദ്യയുണ്ടാക്കാന്‍ വകയില്ലാത്തവരോ ആയി, ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ വളരെ കുറച്ച് പേരേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരക്കാര്‍ ഒട്ടും ഇല്ലാത്ത മഹല്ലുകളും കണ്ടേക്കാം. ഉത്തരേന്ത്യയിലും മറ്റും പശിയടക്കാന്‍ വകയില്ലാത്തവരും ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരുമായ പതിനായിരങ്ങള്‍ ജീവിച്ചിരിപ്പുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതില്‍ തന്നെ നല്ലൊരു വിഭാഗം മുസ്‌ലിംകളുമാണ്. ഇത്തരം കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സകാത്തുല്‍ ഫിത്വര്‍ എത്തിക്കുന്നത്, ഏതൊരുദ്ദേശ്യത്തിനാണോ അത് നിര്‍ബന്ധമാക്കപ്പെട്ടത് ആ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഏറ്റവും ഉത്തമമായ രൂപമായിരിക്കും. ഇവിടെ ഹദീസില്‍ അഗതികള്‍ എന്നാണ് തിരുമേനി പഠിപ്പിച്ചിട്ടുള്ളത്. ഇന്നയിന്ന പരിധിയില്‍പ്പെട്ടത് എന്ന അതിര്‍ വരമ്പ് നിശ്ചയിച്ചിട്ടില്ല. മാത്രമല്ല, നമ്മുടെ അറിവിലും പരിസരത്തും പട്ടിണി കിടക്കുന്നവരുണ്ടെന്ന് ബോധ്യമായിട്ടും അവരെ ഗൗനിക്കാതെ വയറുനിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല എന്ന് പഠിപ്പിക്കപ്പെട്ട സമുദായമാണ് മുസ്‌ലിംകള്‍ (ബുഖാരിഅദബുല്‍ മുഫ്‌റദ്: 112).

ഹദീസിലെ ‘അയല്‍ക്കാരന്‍’ എന്ന വാക്ക്, അയല്‍ക്കാരന്റെ വൃത്തം സങ്കുചിതമാക്കാതെ ചിന്തിച്ചാല്‍ മതി, കാര്യം വ്യക്തമാണ്. പരസ്പര സ്‌നേഹത്തിലും വാത്സല്യത്തിലും കാരുണ്യം ചൊരിയുന്നതിലും വിശ്വാസികളുടെ ഉദാഹരണം ഒരു ശരീരം പോലെയാണ്. അതിലെ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ശരീരത്തിലെ മറ്റവയവങ്ങളെല്ലാം അതിനുവേണ്ടി പനിച്ചും ഉറക്കമിളച്ചും കഷ്ടപ്പെടുമല്ലോ. (ബുഖാരി: 6011, മുസ്‌ലിം: 4685).

നിരാലംബരും കഷ്ടപ്പെടുന്നവരും ഉണ്ടെന്നറിഞ്ഞ് നിഷ്‌ക്രിയരായിരിക്കുന്നവര്‍ കുറ്റക്കാരാവുമെന്നും അന്ത്യദിനത്തില്‍ അല്ലാഹു അവരെ ചോദ്യം ചെയ്യുമെന്നും ഇമാം അല്‍ ജുവൈനി രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തടവുകാരായി പിടിച്ചവര്‍ക്ക് പോലും ഭക്ഷണം നല്‍കുന്നവരാണ് വിശ്വാസികള്‍. (അദ്ദഹ്‌റ് 8). അതും കടന്ന്, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ ഒരധര്‍മിയായ സ്ത്രീ സ്വര്‍ഗാവകാശിയായയെന്ന് പഠിപ്പിച്ചിട്ടുണ്ട് പ്രവാചകന്‍. (മുസ്‌ലിം: 5997). സ്വന്തം ആദര്‍ശം പിന്‍പറ്റുന്ന സഹോദരീ സഹോദരന്‍മാരുടെ കാര്യം പിന്നെ പറയാനുണ്ടോ!

Also Read  കുട്ടികളുടെ നോമ്പ് എപ്പോൾ?

സ്വന്തം നാട്ടില്‍ അര്‍ഹരായവര്‍ നിലവിലില്ലാത്തപ്പോള്‍ ഇതര നാടുകളിലേക്ക് സകാത്ത് എത്തിക്കാം എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ അര്‍ഹരായവരുണ്ടായിരിക്കെ അവരെ അവഗണിച്ച് ഇതര നാടുകളിലേക്ക് കൊണ്ടുപോകുന്നത് ശരിയല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. (ശറഹുല്‍ മഹല്ലി: 1/314, മുഗ്‌നി അല്‍മുഹ്താജ്: 11/480, നിഹായത്തുല്‍ മുഹ്താജ്: 20/121).

മറ്റു പ്രദേശങ്ങളിലേക്ക് സകാത്ത് എത്തിക്കാമെന്ന് ശാഫിഈ മദ്ഹബില്‍ തന്നെ ഒരഭിപ്രായം ഉണ്ട്. ഈ കാര്യം ശാഫിഈ മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാം. പരിശുദ്ധ ഖുര്‍ആനില്‍ സകാത്തിന്റെ അവകാശികളെപ്പറ്റി പറഞ്ഞപ്പോള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നിങ്ങനെ സാമാന്യ ശൈലിയാണ് പ്രയോഗിച്ചിട്ടുള്ളതെന്നും അവര്‍ ഇന്ന പ്രദേശത്തുകാരാവണമെന്ന് പരിമിതപ്പെടുത്തിയിട്ടില്ലെന്നതുമാണ് അവരുടെ ന്യായം. അതിനാല്‍ മുസ്‌ലിംകളില്‍പ്പെട്ട ഫഖീറുമാരും മിസ്‌കീനുകളും ഏത് നാട്ടിലാവട്ടെ അവര്‍ക്ക് തങ്ങളുടെ സകാത്ത് വിതരണം ചെയ്യാമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. (ശറഹുല്‍ മഹല്ലി 1/314, മുഗ്‌നി അല്‍മുഹ്താജ് 11/480, നിഹായത്തുല്‍ മുഹ്താജ് 20/121 നോക്കുക).

സകാത്ത് വസൂലാക്കുന്നതും വിതരണം ചെയ്യുന്നതും മുസ്‌ലിംകളുടെ ഇമാമോ (ഭരണാധികാരി) അദ്ദേഹത്തിന്റെ പ്രാതിനിധ്യമുള്ള ഖാദിയോ ആണെങ്കില്‍ ഏത് പ്രദേശത്ത് വേണമെങ്കിലും വിതരണം ചെയ്യാമെന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുകയും ചെയ്തിരിക്കുന്നു. അക്കാര്യത്തില്‍ തര്‍ക്കമില്ല.

ഹനഫീ മദ്ഹബാകട്ടെ സ്വന്തം നാട്ടുകാരെക്കാള്‍ അത്യാവശ്യക്കാരായി ഇതര നാട്ടുകാരായവരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല എന്ന വിശാലമായ കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. (ഇബ്‌നു ആബിദീന്‍: 2/68-69, ഫത്ഹുല്‍ഖദീര്‍: 2/28) (അല്‍ മൗസൂഅതുല്‍ ഫിഖ്ഹിയ്യ: 23/331).

അതിനാല്‍ ഓരോ മഹല്ലിലും സകാത്തുല്‍ ഫിത്വ്‌റിന് അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവരുടെ ഓഹരി അവര്‍ക്ക് എത്തിക്കാന്‍ ശ്രദ്ധിക്കുകയും ബാക്കിയുള്ളതിന്റെ കണക്കെടുത്ത് അടുത്ത പ്രദേശങ്ങളിലെ ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങളായോ പണമായോ എത്തിച്ച് നല്‍കുകയും ചെയ്യാവുന്നതാണ്.

പാരമ്പര്യം വിടാന്‍ മടിയുള്ള ചിലര്‍ക്ക് ഈ വീക്ഷണം പിടിച്ചില്ലെന്ന് വരാം. അവരെ നിര്‍ബന്ധിക്കാനോ അവരുമായി തര്‍ക്കിക്കാനോ പോകേണ്ടതില്ല. പരിശുദ്ധ റമദാനിന്റെ പവിത്രത മാനിച്ച് തര്‍ക്കവിതര്‍ക്കങ്ങളില്‍ മുഴുകി അമൂല്യമായ സമയം പാഴാക്കരുത്. അത്തരക്കാര്‍ തങ്ങളുടെ പരമ്പാഗത ശൈലിയില്‍ തന്നെ നല്‍കി കൊള്ളട്ടെ. അല്ലാത്തവര്‍ മറ്റു പ്രദേശങ്ങളില്‍ എത്തിച്ച് ഫലപ്രദമായി തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക.

Recent Posts

Related Posts

error: Content is protected !!