Home കലാസാഹിത്യം  ഉമർ(റ) പറഞ്ഞതിൻെറ പൊരുൾ?

 ഉമർ(റ) പറഞ്ഞതിൻെറ പൊരുൾ?

ചോദ്യം: ‘തിന്മയെ നിശ്ശബ്ദമായി ഇല്ലാതാക്കുക’യെന്ന ഉദ്ധരണി ശരിയാണോ? അത് ഉമർ ബിൻ ഖത്താബ്(റ)വിൽ നിന്ന് സ്ഥിരപ്പെട്ടതാണോ? ശരിയാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ അത് എങ്ങനെ പ്രയോഗകവത്കരിക്കാം?

മറുപടി: മുകളിൽ പറഞ്ഞ അതേ വാക്കുകളല്ല, മറിച്ച് അൽഹിൽയ്യയിൽ അബൂ നുഅയ്മ് ഉമർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന അതിന്റെ ഉദ്ദേശമാണ് നാം എടുക്കുന്നത്. ഉമർ(റ) പറയുന്നു: ‘തീർച്ചയായും, തിന്മയെ അവഗണിച്ചുകൊണ്ട് ഇല്ലാതാക്കുന്ന, സത്യത്തെ എടുത്തുപറഞ്ഞുകൊണ്ട് ജീവിപ്പിക്കുന്ന അടിമകൾ അല്ലാഹുവിനുണ്ട്.’

അത് അർഥമാക്കുന്നത്, തിന്മയും അതുമായി ബന്ധപ്പെട്ട എഴുത്തുകളും കൈമാറ്റം ചെയ്യുന്നതിന് താക്കീത് നൽകുകയെന്നതാണ്. ഒരു കാര്യം കൈമാറ്റം ചെയ്യുന്നത് വിലക്കപ്പെടുകയാണെങ്കിൽ, അത് ആളുകൾക്കിടിയിൽ പ്രചരിക്കുകയെന്നതും വിലക്കപ്പെടുന്നു. ഉദാഹരണമായി, അജ്ഞാതനായ മനുഷ്യൻ ഒരു കാര്യം പറയുന്നു. അത് അവഗണിക്കപ്പെടുകയാണെങ്കിൽ, അയാൾ പറഞ്ഞത് അതിലൂടെ ഇല്ലാതാകുന്നു. അതിലേക്ക് ആരും തിരിയുന്നില്ല. അതിൽ നിന്ന് വിലക്കുകയാണെങ്കിൽ അത് പ്രചരിക്കുകയും പരസ്യപ്പെടുകയും ചെയ്യുന്നു. അപ്രകാരം പ്രചരിക്കുകയും പ്രസിദ്ധിയാർജിക്കുകയും ചെയ്യുന്നതിലൂടെ അത് പറഞ്ഞയാളുടെ ഉദ്ദേശം പൂർത്തീകരിക്കകയാണ്.

അതുപോലെ, ഒരു ഡാൻസ് പരിപാടി നടക്കാനിരിക്കുന്നു. അത് അങ്ങനെ പ്രസിദ്ധിയാർജിച്ച ഒന്നായിരുന്നില്ല. എന്നാൽ, ജുമുആ ദിവസം ഖത്തീബ് അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അത് പ്രചരിക്കുകയും, അറിയാത്തവർ അറിയുകയും ചെയ്യുന്നു. ഇതെല്ലാം തിന്മയെ മറക്കുന്നില്ല. അത് ആളുകൾക്കിടയിൽ അറിയപ്പെടാത്ത രഹസ്യമായ തിന്മയായിരുന്നു. അത് കൈമാറുന്നവൻ വിലക്കാൻ മുതിരുമ്പോൾ, ആളുകൾ അതിലേക്ക് തിരിയുകയും അന്വേഷിക്കുകയും ചെയ്യുന്നു. അങ്ങനെ അത് പ്രചരിപ്പിക്കുകയും ആളുകൾ അറിയുകയും ചെയ്യുന്നു.

അലി തൻത്വാവി ഇവ്വിഷയകമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം കുറിക്കുന്നു: ‘ദമസ്‌കസിലെ വലിയൊരു മസ്ജിദിൽ ഞാൻ ഇമാമായിരുന്നു. ഞാൻ യുവാവായിരുന്നു, കാര്യങ്ങൾ അതിന്റെ വ്യാപ്തിയിൽ മനസ്സിലാക്കിയിരുന്നില്ല. ഗായിക സിറിയ സന്ദർശിക്കുന്നുവെന്നും, സംഗീത പരിപാടിയിൽ സംബന്ധിക്കുന്നുവെന്നും പ്രഖ്യാപിക്കപ്പെട്ടു. അക്കാലത്ത് തിളങ്ങി നിന്ന ഗായികയായിരുന്നു അവർ; ഉമ്മു കുൽസും പ്രസിദ്ധിയാർജിക്കുന്നതിന് മുമ്പ്. അവരുടെ ഗാനങ്ങളിലെ വരികളും ആട്ടവും വശീകരിക്കുന്നതായിരുന്നു. അവരുടെ ഗാനങ്ങൾ ഇളക്കിമറിക്കുന്നതും വൈകാരികവുമായിരുന്നു.

ഞാൻ വെള്ളിയാഴ്ച ദിവസം മിൻബറിൽ കയറി ജനങ്ങൾക്ക് താക്കീത് നൽകി; ശ്രദ്ധിക്കുക, കേൾക്കുക, ഉൾകൊള്ളുക…. നാളെയോ മറ്റെന്നാളോ നഗ്‌നത കാണിച്ച് നൃത്തംചെയ്യുന്ന ഗായിക വരുകയാണ്…. നാണിപ്പിക്കുന്ന അവരുടെ ഗാന വരികൾ ആസ്വദിക്കാൻ സിറിയയിൽ ആളുകൾ തടിച്ചുകൂടുകയാണ്. നേരിയ വസ്ത്രമിട്ട് ആടിക്കുഴയുകയും, നൃത്തം ചെയ്യുകയും, സൗന്ദര്യം പ്രദർശിപ്പിക്കപ്പെടുകയുമാണ്. ആ പരിപാടിയിൽ പങ്കെടുക്കാതിരിക്കുക, യുവാക്കൾ അതിന് ടിക്കറ്റ് വാങ്ങുന്നതിൽ നിന്ന് മാറി നിൽക്കുക. അത് മതപരമായും ധാർമികമായും നാശമാണ്. ഞാൻ ഗായികക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. ആളുകളോട് അതിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഞാൻ അപ്രകാരം ചെയ്യാതിരുന്നെങ്കിൽ! യുവാക്കൾ പള്ളിയിൽ നിന്ന് പുറത്തുപോവുകയായിരുന്നു. എത്രത്തോളമെന്നാൽ, പരിപാടിയുടെ ടിക്കറ്റ് വാങ്ങുന്നതിന് മുന്നേറുകയും, ഒരു ദിവസം കൊണ്ട് ടിക്കറ്റ് വിറ്റുപോവുകയും ചെയ്തു. കരിഞ്ചന്തയിൽ പത്തിരട്ടി വിലയിലാണ് ടിക്കറ്റ് വിറ്റുപോയത്. ഞാൻ അറിയാതെ, സൗജന്യമായി അവർക്ക് പരസ്യം ചെയ്യുകയായിരുന്നു. ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഞാൻ വിചാരിച്ചത്, എന്നാൽ ആളുകൾ അതിലേക്ക് അടുക്കുകയായിരുന്നു. ഓരോ വിലക്കും പിന്തുടരപ്പെടുകയാണ്, ആക്രമിക്കപ്പെടുന്നവർ കൂടുതൽ പ്രസിദ്ധയാർജിക്കപ്പെടുകയുമാണ്.’

വിട്ടുനിൽക്കുകയെന്നതാണ് നല്ലത്. എഴുത്തകളോടും അതിന്റെ കർത്താക്കളോടും ഇടപെടുന്നതിന് സലഫുകൾക്കുള്ള മാർഗനിർദേശമായിരുന്നു ഉമർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനാൽ തന്നെ, ഇമാം മുസ്‌ലിം തന്റെ സ്വഹീഹിന്റെ ആമുഖത്തിൽ (28/1) പറയുന്നു: ‘ഹദീസ് പരമ്പര ശരിയാണോ തെറ്റാണോ എന്നു വിലയിരുത്തുന്ന ഞങ്ങളുടെ കാലത്തെ ചില ഹദീസ് പരിശോധകർ പറയാറുണ്ട്. പരമ്പരയെ കുറിച്ചും അതിലെ പ്രശ്‌നങ്ങളെ കുറിച്ചും എഴുതുകയാണെങ്കിൽ ഉറച്ച അഭിപ്രായത്തോടെയും ശരിയായ വീക്ഷണത്തോടെയുമാണത്. തള്ളിക്കളിയേണ്ട ഉദ്ധരിണികളെ അവഗണിക്കുകയെന്നതാണ് അതിനെ ഇല്ലാതാക്കുന്നത്. അതിനെ കുറിച്ച് അജ്ഞാതരായിരിക്കുന്നവർ അത് അറിയാതിരിക്കാൻ അതാണ് നല്ലത്.’

ഹജ്‌റുൽ മുബ്തദഇൽ ശൈഖ് ബക്കർ അബൂ സൈദ് (പേജ്: 50) പറയുന്നു: ‘പത്താം ഭാഗം: ബിദ്അത്ത് പ്രചരിപ്പിക്കുക: വിശ്വാസകാര്യങ്ങളിൽ സംശയങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒരോ മുസ്‌ലിമിനോടുള്ള എന്റെ ഉപദേശം, ബിദ്അത്ത് അവഗണിക്കപ്പെടുകയും, ബിദ്അത്ത് അവഗണിക്കുന്നതിലൂടെ മുബ്ത്തദിഅ് അവഗണിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്താൽ മുബ്ത്തദിഉം ബിദ്അത്തും മനസ്സുകളെ സ്വാധീനിക്കുകയില്ല. മനസ്സുകളെ സ്വാധീനിക്കുകയാണെങ്കിൽ അത് നിലനിൽക്കുകയും വളരുകയും ചെയ്യുന്നതാണ്. ഈ മറച്ചുവെക്കലും അവഗണിക്കലും ജിഹാദിന്റെ-അങ്ങേയറ്റത്തെ പരിശ്രമത്തിന്റെ ഭാഗമാണ്. അതുപോലെ, സംസാരത്തിൽ സത്യമുണ്ടായിരിക്കുകയും അത് അവഗണിക്കുകയും അതിനെ പറ്റി മിണ്ടാതിരിക്കുകയും അങ്ങനെ അവയോരൊന്നും അതിന്റെ സ്ഥാനത്ത് വരികയും ചെയ്യുന്നു.’

മറഞ്ഞിരുന്ന് തെറ്റുചെയ്യുന്ന വ്യക്തിയെ തടയാതിരിക്കുകയോ ഉപദേശിക്കാതിരിക്കുകയോ ചെയ്യുകയെന്നതല്ല ഇതിനർഥം. എന്നാൽ, പരസ്യപ്പെടുത്താതെ ചെയ്യുകയെന്നതാണ്, പൊതുവായി വിലയ്ക്കാതിരിക്കുകയെന്നതാണ്. ചിലപ്പോൾ ചിലത് വായിക്കരുതെന്ന് പൊതുവായി വിലക്കാറുണ്ട്. എന്നാൽ അത് പ്രചരിക്കാതിരിക്കുന്നതിനും അതിലേക്ക് സൂചന നൽകാതിരിക്കുന്നതിനും ആ വ്യക്തിയെ കുറിച്ച് പരാമർശിക്കാതിരിക്കുകയാണ് വേണ്ടത്. ഇതെല്ലാം നന്മ-തിന്മകളെ പരിഗണിക്കുന്ന കർമശാസ്ത്രത്തിൽ ഉൾപ്പെടുന്നതാണ്.

വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info

error: Content is protected !!