Home രാഷ്ട്രം- രാഷ്ട്രീയം രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

ദേശസ്‌നേഹം ഇസ്‌ലാമിനോട് എതിരാകുമോ? ഒരു രാജ്യത്തിന്റെ ദേശീയത, ഇസ്‌ലാമിനെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന രീതിയില്‍ പരസ്പരം വൈരുദ്ധ്യമാണെങ്കില്‍ എന്തു ചെയ്യണം?

മറുപടി: അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അവിടുത്തെ കുടുംബത്തിന്റെയും അനുചരരുടെയും മേലില്‍ സമാധാനവും രക്ഷയുമുണ്ടാകട്ടെ. ഏതെങ്കിലും ഒരു വസ്തുവിലേക്ക് ചേര്‍ക്കപ്പെടുകയെന്നതാണ് അംഗത്വമെന്നതിന്റെ ഭാഷാര്‍ത്ഥം. മറ്റുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള ഒരു വ്യക്തിയുടെ ആവശ്യമായും അതിനെ വിശദീകരിക്കാം. കുടുംബം, കൂട്ടുകാര്‍, രാജ്യം, മദ്ഹബ് തുടങ്ങിയവിലെല്ലാം ചേരുന്നതിനും ഇതിന്റെയെല്ലാം ഭാഗമായി തീരുന്നതിനും ഈ പദം ഉപയോഗിക്കപ്പെടുന്നു. ഒറ്റക്കുള്ള പ്രവര്‍ത്തനത്തിന് പകരം കൂട്ടമായി പ്രവര്‍ത്തിക്കുക, സ്‌നേഹിതന്മാര്‍ക്കൊപ്പം ചേരുക തുടങ്ങി മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത ശാരീരിക ആവശ്യങ്ങളില്‍ പെട്ടതാണതെന്ന് ചില ഗവേഷകര്‍ വ്യാഖ്യാനിക്കുന്നു.

ഒരു വ്യക്തിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബന്ധങ്ങളുടെ രീതിയിലും വ്യത്യാസം വരും. ചില നിശ്ചിത പ്രവര്‍ത്തനത്തിന് വേണ്ടി ചേരുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കും നാം ജീവിക്കുന്ന രാജ്യവുമായി നമ്മെ ചേര്‍ത്തുവെക്കുന്ന ബന്ധം. വിദ്യാലയം പോലെ പഠനാര്‍ത്ഥമായുള്ള സന്ദര്‍ഭങ്ങളില്‍ അതിന്റെ രീതി പിന്നെയും വ്യത്യസ്തമാകുന്നു. ഈ രീതികളെല്ലാം ഒരു പ്രവര്‍ത്തനത്തിന് വേണ്ടി ഒരുമിച്ച് കൂടിയവരെയെല്ലാം കോര്‍ത്തിണക്കുന്ന ഒന്നാണ്. സാമൂഹികമായ ആ കൂട്ടായ്മയിലൂടെ ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ഒരു വ്യക്തിക്ക് അവന്റെ കൂട്ടായ്മയിലുള്ള മറ്റു അംഗങ്ങള്‍ തന്നെ സ്വീകരിച്ചിരിക്കുന്നുവെന്ന ബോധ്യവും ഉണ്ടാക്കിത്തീര്‍ക്കുന്നു. അങ്ങനെ ആ വ്യക്തിയും ആ കൂട്ടായ്മയുടെ അനിവാര്യ ഘടമായി മാറുന്നു. ആ കൂട്ടായ്മ കുടുംബം, ദേശം, രാജ്യം, മതം, മദ്ഹബ് തുടങ്ങി ഏതുമാകാം. ഇതേ ആശയമാണ് ഇസ്‌ലാമിക ശരീഅത്തും നല്‍കുന്നത്. മനുഷ്യന്മാരുടെയെല്ലാം അടിസ്ഥാനം ആദം നബിയെന്ന ഒറ്റൊരു വ്യക്തിയാണ്.

അല്ലാഹു പറയുന്നു: ‘ഹേ മനുഷ്യരെ, ഓരേയൊരു വ്യക്തിയില്‍ നിന്നും നിങ്ങളെ പടക്കുകയും അതില്‍ നിന്ന് തന്റെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരില്‍ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബന്ധവും കാത്തുസൂക്ഷിക്കുക. നിശ്ചയം അവന്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്'(നിസാഅ്: 1).

Also read: ഏതാണ് ആ സംഘം?

പരസ്പരം തിരിച്ചറിയാനും സ്‌നേഹിക്കാനും സഹായസഹകരണങ്ങള്‍ നല്‍കാനും അല്ലാഹു മനുഷ്യകുലത്തെ പല സമൂഹങ്ങളും ഗോത്രവുമായി സൃഷ്ടിച്ചു. അല്ലാഹു പറയുന്നു: ‘ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അല്ലഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്'(ഹുജറാത്ത്: 13).

മനുഷ്യകുലത്തെ അല്ലാഹു വ്യത്യസ്ത വിഭാഗങ്ങളാക്കിയതിനുള്ള കാരണം ഇമാം ത്വാഹിര്‍ ബ്‌നു ആശൂര്‍ തന്റെ തഫ്‌സീറില്‍ വിശദീകരിക്കുന്നുണ്ട്; മനുഷ്യര്‍ പരസ്പരം മനസ്സിലാക്കണമെന്ന ഒരേയൊരു ആവശ്യമാണ് മനുഷ്യകുലത്തെ വ്യത്യസ്ത വിഭാഗമായി സൃഷ്ടിച്ചതിന് പിന്നിലെ ദൈവിക ലക്ഷ്യം. അഥവാ, ഓരോരുത്തരം പരസ്പരം ആഴത്തില്‍തന്നെ അറിയല്‍ അനിവാര്യമാണ്. വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് അതിലേക്ക് എത്തിച്ചേരാനാവുക. ഒരു കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം അറിയുന്നവരായിരിക്കും. അതിനാല്‍ അവര്‍ക്കിടയില്‍ കുടുംബ ബന്ധവും വിവാഹ ബന്ധവും ഉണ്ടായിരിക്കും. ഇതുപോലെത്തന്നെ ഓരോ വിഭാഗങ്ങളും പരസ്പരം അറിഞ്ഞാണ് ഒരു ഗോത്രം മുഴുവന്‍ പരസ്പര ബന്ധമുള്ളവരാകുന്നത്. കാരണം, ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചേരുന്നത് അതിന് താഴെയുള്ള പദവികളിലൂടെയാണല്ലോ. ഇങ്ങനെയാണ് മനുഷ്യകുലത്തിനിടയില്‍ നാഗരികതയും സംസ്‌കാരവും രൂപപ്പെട്ട് വന്നത്(അത്തഹ്‌രീറു വത്തന്‍വീര്‍, 26/ 260, ദാറുത്തൂനിസിയ്യ).

സ്വന്തം കുടുംബത്തോടും ഗോത്രത്തോടും നാടിനോടുമുള്ള സ്‌നേഹം അവിടെയുള്ള ജനങ്ങളോട് സല്‍സ്വഭാവത്തോടെ പെരുമാറാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അടുത്ത ബന്ധുക്കളോട് നല്ല ബന്ധം പുലര്‍ത്താനും കുടുംബബന്ധം ചേര്‍ക്കാനും മാതാപിതാക്കളോട് ഗുണം ചെയ്യാനും ജനങ്ങളോട് നല്ലത് പറയാനുമെല്ലാം അല്ലാഹു നമ്മോട് കല്‍പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘ഇസ്രാഈല്യരോട് നാം ഇങ്ങനെ ഉടമ്പടി ചെയ്തത് സ്മരണീയമത്രേ; അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്, മാതാപിതാക്കളോടും ബന്ധുക്കളോടും അനാഥകളോടും ദിരദ്രരോടും നന്മയനുവര്‍ത്തിക്കുകയും ജനങ്ങളോട് നല്ലത് പറയുകയും വേണം, നമസ്‌കാരം യഥാവിധി നിലനിര്‍ത്തുകയും നിര്‍ബന്ധദാനം നല്‍കുകയും ചെയ്യണം. എന്നിട്ടും നിങ്ങള്‍ ഏതാനും പേരൊഴിച്ച് ബാക്കിയെല്ലാവരും അവഗണിച്ച് പിന്തിരിഞ്ഞുകളഞ്ഞു'(ബഖറ: 83).

ഒരു രാജ്യത്തിന്റെ ഭാഗമാകലും അതിനെ സ്‌നേഹിക്കലും ഇസ്‌ലാമിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ കപടവിശ്വാസികള്‍ക്കുള്ള പരീക്ഷണമായി ജീവാര്‍പ്പണത്തിന്റെയും സ്വദേശ ബഹിഷ്‌കരണത്തിന്റെയും പ്രയാസങ്ങളെ ഒന്നിച്ച് പറഞ്ഞത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ജീവാര്‍പ്പണം ചെയ്യണമെന്നോ ദേശത്യാഗം വരിക്കണമെന്നോ നാം കല്‍പിച്ചിരുന്നെങ്കില്‍ തുച്ഛം പേരൊഴികെ അവരത് അനുവര്‍ത്തിക്കുമായിരുന്നില്ല'(നിസാഅ്: 66). ദേശത്യാഗത്തെ ജീവാര്‍പ്പണത്തോടൊപ്പം പറഞ്ഞത് ദേശത്യാഗത്തിന്റെ വേദനയെയും പ്രയാസത്തെയും വ്യക്തമാക്കാന്‍ കൂടിയാണ്.

Also read: ഇബ്റാഹീം നബിയുടെ മില്ലത്ത് ഏതായിരുന്നു?

മഹാനായ അബൂ ഹയ്യാന്‍ തന്റെ തഫ്‌സീറില്‍ വിശദീകരിക്കുന്നു: സ്വന്തം നാട് ഉപേക്ഷിച്ചു പോകല്‍ വളരെ പ്രയാസമാണെന്നതിനുള്ള തെളിവാണ് ഈ സൂക്തം. അതുകൊണ്ടാണ് അതിനെ ജീവാര്‍പ്പണം ചെയ്യുന്നതിനോടൊപ്പം പറഞ്ഞത്(തഫ്‌സീറു ബഹ്‌റുല്‍ മുഹീത്വ്, 3/696, ദാറുല്‍ ഫിക്ര്‍). രക്തച്ചൊരിച്ചില്‍ നടത്തില്ലെന്നും സ്വദേശത്തില്‍ നിന്നും ഒരാളെയും ആട്ടിയോടിക്കില്ലെന്നു അല്ലാഹുവിനോട് ഉടമ്പടി ചെയ്തതിന് ശേഷം പരസ്പരം കൊലവിളി നടത്തുകയും ചില വിഭാഗങ്ങളെ ആട്ടിയോടിക്കുകയും ചെയ്ത ഇസ്രയേല്‍ സമൂഹത്തെ അല്ലാഹു ആക്ഷേപിച്ചു; ‘എന്നിട്ടും നിങ്ങളിതാ സ്വന്തക്കാരെ കൊല്ലുകയും വീടുകളില്‍ നിന്നിറക്കിവിടുകയും പാപമായും അക്രമമായും അവര്‍ക്കെതിരെ പരസ്പരം സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധത്തടവുകാരായി അവര്‍ വന്നാല്‍ നിങ്ങള്‍ പിഴയൊടുക്കി രക്ഷപ്പെടുത്തുന്നുണ്ട് താനും. അവരെ ബഹിഷ്‌കരിക്കുന്നത് തന്നെ നിങ്ങള്‍ക്ക് നിരോധിതമാണ്'(ബഖറ: 85).

പ്രവാചകന്‍(സ്വ) തന്റെ നാടിനെയും നഗരത്തെയും അത്യധികം സ്‌നേഹിച്ചിരുന്നു. അദിയ്യ് ബ്‌നു ഹംറാഅ്(റ) ഉദ്ധരിക്കുന്നു; ഒരിക്കല്‍ മക്കയിലെ ഹസൂറിയില്‍ വെച്ച് നബി(സ്വ) എഴുന്നേറ്റ് നിന്ന് പറയുന്നതായി ഞാന്‍ കേട്ടു: ‘അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ഭൂമിയില്‍ വെച്ച് ഏറ്റവും നല്ല ഭൂമി നീയാണ്. അല്ലാഹുവിന്റെ ഭൂമിയില്‍ വെച്ച് അവനേറ്റവും ഇഷ്ടപ്പെട്ട ഭൂമിയും നീയാണ്. നിന്റെ മണ്ണില്‍ നിന്നും ഞാന്‍ പുറത്താക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ മറ്റെങ്ങോട്ടും ഞാന്‍ പോകുമായിരുന്നില്ല’. അബ്ദുല്ലാഹ് ബ്‌നു അബ്ബാസ് നബി(സ്വ)യില്‍ നിന്നും ഉദ്ധരിക്കുന്നു; മക്കയെ അഭിസംബോധന ചെയ്തുകൊണ്ട് നബി(സ്വ) പറഞ്ഞു: ‘ഇതര നാടുകളെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരമായ നാട് നീയാണ്. എന്റെ സമുദായം എന്നെ ഇവിടെനിന്നും ആട്ടിയോടിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു നാട്ടിലും താമസിക്കുമായിരുന്നില്ല’. നബി(സ്വ) തന്റെ മാതൃരാജ്യത്തെ എത്രമേല്‍ സ്‌നേഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് ഹദീസുകളാണിത്.

നബി ജനിച്ചുവളരുകയും പരിപാലിക്കുകയും ചെയ്ത നാട്ടില്‍ നിന്നും പലായനം ചെയ്യാന്‍ സ്വഹാബികളും നിര്‍ബന്ധിതരായി. ഹിജ്‌റ അല്ലാഹുവിന്റെ പരീക്ഷണം കൂടിയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോകാന്‍ അവര്‍ സന്നദ്ധരായി. അതിന് പകരം അല്ലാഹു അവര്‍ക്ക് അവന്റെ സംതൃപ്തിയും സ്വര്‍ഗവും പ്രതിഫലമായി നല്‍കി. അല്ലാഹു പറയുന്നു: ‘മുഹാജിറുകളിലും അന്‍സാറുകളിലും നിന്ന് ഏറ്റമാദ്യം മുന്നോട്ട് വന്നവരും പുണ്യത്തിലായി അവരെ അനുധാവനം ചെയ്തുവരുമുണ്ടല്ലോ, അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു, അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിട്ടുണ്ട്. താഴ്ഭാഗങ്ങളില്‍ കൂടി ആറുകളൊഴുകുന്ന സ്വര്‍ഗം അവര്‍ക്കായി അവന്‍ സജ്ജീകരിച്ചിട്ടുമുണ്ട്. അവരതില്‍ ശാശ്വതവാസികളാണ്. മഹത്തായ വിജയമത്രെ അത്'(തൗബ: 100).

Also read: ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നവരോടുള്ള നിലപാട്?

ആയിശ ബീവി ഉദ്ധരിക്കുന്നു; നബി(സ്വ) മദീനയില്‍ വന്ന സമയത്ത് അബൂബക്കറി(റ)നും ബിലാലി(റ)നും പനി ബാധിച്ചു. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് ചെന്ന് ചോദിച്ചു: ഉപ്പാ, അസുഖം എങ്ങനെയുണ്ട്? ബിലാല്‍, താങ്കളുടെ അവസ്ഥയെന്താണ്? ആയിശ ബീവി പറയുന്നു: അബൂബക്കര്‍(റ) പനി ബാധിതനായാല്‍ പാടുമായിരുന്നു; ‘ഓരോരുത്തരും അവനവന്റെ വീടുകളില്‍ പ്രഭാതത്തെ വരവേല്‍ക്കുന്നു/ അവരുടെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്താണ് അവരുടെ മരണം’. ബിലാല്‍(റ) പറയുമായിരുന്നു; ‘ഇദ്ഖര്‍, ജലീല്‍ ചെടികളുള്ള മലഞ്ചെരുവുകളില്‍ എനിക്ക് രാപ്പാര്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍/മിയാഹു മജന്നയിലും ശാമ്മയിലും ത്വുഫോലിലും എനിക്ക് പോകാനാകുമായിരുന്നെങ്കില്‍’
മിയാഹു മജന്ന, ശാമ്മത്ത്, ത്വുഫൈല്‍ എന്നിവ മക്കയിലെ പ്രദേശങ്ങളാണ്. ബിലാലി(റ)ന് അവ കാണാനുള്ള ആഗ്രഹം ശക്തമായിരുന്നു. പിന്നെ ബിലാല്‍(റ) പറഞ്ഞു: അല്ലാഹുവേ, നീ ശയ്ബത്ത് ബ്‌നു റബീഅ, ഉത്ബത്ത് ബ്‌നു റബീഅ, ഉമയ്യത്ത് ബ്‌നു ഖലഫ് എന്നിവരെ ശപിക്കേണമേ. സ്വന്തം നാടുകളില്‍ നിന്നും പകര്‍ച്ചാവ്യാധികളുടെ നാട്ടിലേക്കാണ് അവര്‍ ഞങ്ങളെ ആട്ടിയോടിച്ചത്.

ആയിശ ബീവി പറയുന്നു: അങ്ങനെ ഞാന്‍ നബി(സ്വ)യുടെ അടുത്തേക്ക് ചെന്ന് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അന്നേരം നബി(സ്വ) പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, മക്കയോടുള്ള ഞങ്ങളുടെ സ്‌നേഹം പോലെയോ അതിനേക്കാള്‍ ശക്തമായോ മദീനയോടുള്ള സ്‌നേഹവും ഞങ്ങളുടെ ഹൃദയത്തില്‍ നീ ഇട്ടുതരേണമേ. മദീനയെ നീ രോഗവിമുക്തമാക്കേണമേ. മദീനയുടെ ഭക്ഷ്യ വിളകളിലും സമ്പാദ്യങ്ങളിലും ബറക്കത്ത് ചൊരിയേണമേ. മദീനയില്‍ പടര്‍ന്നുപിടിച്ച പനി നീ ജുഹ്ഫയിലേക്ക് നീക്കേണമേ’. ഈ ഹദീസ് അടിസ്ഥാനമാക്കി ഓരോ പണ്ഡിതന്മാരും അവരെ തങ്ങള്‍ ജനിക്കുകയും വളരുകയും ചെയ്ത നാടുകളിലേക്ക് ചേര്‍ത്തി പറയുമായിരുന്നു. ബസ്വറക്കാരനായ വ്യക്തി, മക്കക്കാരനായ വ്യക്തി, മദീനക്കാരനായ വ്യക്തി, ബഗ്ദാദുകാരനായ വ്യക്തി തുടങ്ങിയ രീതിയിലെല്ലാം പണ്ഡിതന്മാര്‍ തങ്ങളെ പരിചയപ്പെടുത്തി. ഇത് അനുവദനീയമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയിലും ഏകാഭിപ്രായമാണ്.

ഇസ്‌ലാമിനോട് കാണിക്കുന്ന അടുപ്പം രാജ്യത്തോട് കാണിക്കുന്ന ബന്ധത്തോട് എതിരാകുന്നില്ല. യാതൊരുവിധ വൈരുദ്ധ്യവും അവിടെ സംഭവിക്കുന്നില്ല. കാരണം, ഇസ്‌ലാമിന്റെ മണ്ഡലം രാജ്യത്തേക്കാളും ദേശങ്ങളെക്കാളും ഗ്രാമങ്ങളെക്കാളും വിശാലമാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാണ്. അതുകൊണ്ട്, ഇരുസഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുകയും കരുണ വര്‍ഷിക്കപ്പെടാനായി അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക'(ഹുജറാത്ത്: 10). ഒരു രാജ്യത്തിന്റെ വിശാലതക്കപ്പുറം അല്ലഹു ലോക മുസ്‌ലിംകളെ പരസ്പരം സഹോദരങ്ങളാക്കി. രാജ്യത്തിന്റെ വിശാലതക്കപ്പുറമാണ് ഇസ്‌ലാമും അതിന്റെ ചിന്താ/ പ്രവര്‍ത്തന മണ്ഡലങ്ങള്‍. എന്നിരുന്നാലും അവക്കിടയില്‍ പരസ്പരം വൈരുദ്ധ്യങ്ങള്‍ സംഭവിക്കുകയില്ല. അനീതിയുടെയും അക്രമത്തിന്റെയും മേല്‍ പരസ്പരം സഹകരിക്കരുതെന്നും നന്മയുടെയും സൂക്ഷ്മതയുടെയും കാര്യത്തില്‍ പരസ്പര സഹായികളാകണമെന്നും ലോക മുസ്‌ലിംകളെ അല്ലാഹു താക്കീത് ചെയ്യുന്നുണ്ട്; ‘നന്മയുടെതു ഭക്തിയുടെതുമായ വിഷയങ്ങളില്‍ നിങ്ങള്‍ അന്യാന്യം സഹായിക്കണം, കുറ്റത്തിലും അതിക്രമത്തിലും പരസ്പര സഹകരണം പാടില്ല'(മാഇദ: 2).

Also read: ഗർഭിണിയായിരിക്കെ ഭർത്താവ് മരിച്ചാൽ കുട്ടിയുടെ അനന്തരാവകാശം?

അല്ലാഹുവിന്റെ പാശം ഒന്നിച്ചു മുറുകെ പിടിക്കാനും ഒരുനിലക്കും ഭിന്നിച്ചു പോകാതിരിക്കാനും അവന്‍ നമ്മോട് കല്‍പിക്കുന്നുണ്ട്. മദ്ഹബ്, സമൂഹം, ഗോത്രം, രാജ്യം എന്നിവയുടെ പേരില്‍ വിഭാഗീയത കാണിക്കാതിരിക്കാനും താക്കീത് നല്‍കുന്നുണ്ട്. സൂക്ഷ്മതയുടെയും നന്മകളുടെയും മേല്‍ പരസ്പരം സഹായിക്കുന്ന സഹോദരന്മാരാണ് സത്യവിശ്വാസികള്‍. അക്രമത്തിന്റെയോ തിന്മയുടെയോ മേല്‍ അവര്‍ അന്യേന്യം സഹകരിക്കില്ല; ‘അല്ലാഹുവിന്റെ പാശം ഒന്നിച്ചു മുറുകെ പിടിക്കുക, ഭിന്നിക്കരുത്. പരസ്പര ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്തു തന്നെ അനുഗ്രഹം സ്മരിക്കുക. നിങ്ങളുടെ മനസ്സുകളവന്‍ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു'(ആലു ഇംറാന്‍: 103), ‘സ്വന്തം മതത്തില്‍ ഭിന്നിപ്പുണ്ടാക്കി വിവിധ ചേരികളായിത്തീര്‍ന്ന വേദക്കാരുമായി താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ല. അവരെക്കുറിച്ചുള്ള തീരുമാനം അല്ലാഹുവിങ്കല്‍ മാത്രമാണ്. തങ്ങളുടെ ചെയ്തികളെപ്പറ്റി അവരെ അല്ലാഹു അറിയിച്ചുകൊടുക്കും'(അന്‍ആം: 159).

ജുബൈര്‍ ബ്‌നു മുത്വ്ഇമിനെത്തൊട്ട് അബൂ ദാവൂദ് ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ‘വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. മതഭ്രാന്തിനാല്‍ കൊലപാതകം നടത്തിയവനും നമ്മില്‍ പെട്ടവനല്ല. മതഭ്രാന്തിനാല്‍ മരിച്ചവനും നമ്മില്‍ പെട്ടവനല്ല’. വര്‍ഗീയത ഉപേക്ഷിക്കപ്പെടേണ്ടതാണെന്നതിനുള്ള തെളിവാണ് ഈ ഹദീസ്. വര്‍ഗീയത ഭിന്നതയാണ്. ഐക്യം പരസ്പര സ്‌നേഹവും. ഹജ്ജത്തുല്‍ വദാഇന്റെ നാളിലെ പ്രസംഗത്തെക്കുറിച്ച് അബൂ നള്‌റ(റ) ഉദ്ധരിക്കുന്നു; അയ്യാമുത്തിശ്‌രീഖിന്റെ മധ്യനാളില്‍ പ്രവാചകന്‍(സ്വ) നടത്തിയ പ്രസംഗം കേട്ടൊരാള്‍ എന്നോട് പറഞ്ഞു: ‘ഓ ജനങ്ങളെ, നിങ്ങളുടെ രക്ഷിതാവ് ഏകനാണ്. നിങ്ങളുടെ പിതാവും ഏകനാണ്. സൂക്ഷ്മത കൊണ്ടല്ലാതെ ഒരു അറബിക്കും മറ്റൊരു അനറബിയേക്കാളോ ഒരു അനറബിക്കും മറ്റൊരു അറബിയേക്കാളോ സ്ഥാനമില്ല. ഒരു കറുത്തവനും മറ്റൊരു വെളുത്തവനെക്കാളോ ഒരു വെളുത്തവന് മറ്റൊരു കറുത്തവനെക്കാളോ സ്ഥാനമില്ല. ദൈവിക സന്ദേശം ഞാന്‍ നിങ്ങളിലേക്ക് എത്തിച്ചു തന്നില്ലയോ?’ അതെ, അല്ലാഹുവിന്റെ ദൂതരെ, സ്വഹാബികള്‍ മറുപടി പറഞ്ഞു. വ്യത്യസ്തങ്ങളായ ഓരോ ബന്ധവും അംഗവും പരസ്പര വൈരുദ്ധ്യമല്ല മറിച്ച്, പരസ്പര പൂരകങ്ങളാണ്. പരസ്പര സഹായവും വര്‍ഗീയത നിരാസവും വെറുപ്പില്ലായ്മയുമാണ് അതിനെ അതിന്റെ പരിപൂര്‍ണ്ണതിയിലേക്ക് എത്തിക്കുന്നത്.

Also read: മത്സരത്തിന്റെ മതവിധി; അനുവദനീയമായതും നിഷിദ്ധമായതും

ചുരുക്കത്തില്‍: ഒരു രാജ്യത്തിന്റെ ഭാഗമാവുകയെന്നത് ഒരിക്കലും ഇസ്ലാമിനോട് എതിരാകുന്നില്ല. മറിച്ച്, സത്യവിശ്വാസികള്‍ക്കിടയിലെ അന്യാന്യമുള്ള സാഹോദര്യം വഴി പരസ്പര സ്‌നേഹം, വര്‍ഗീയത നിരാസം, വെറുപ്പില്ലായ്മ എന്നിവകൊണ്ടതിനെ സമ്പൂര്‍ണ്ണാക്കുകയാണ് വേണ്ടത്. വൈരുദ്ധ്യമാണെന്ന ചിന്ത ആരെയെങ്കിലും എപ്പോഴെങ്കിലും അലട്ടുന്നുവെങ്കില്‍ ഉടനെയവന്‍ അതിനെക്കുറിച്ച് ജ്ഞാനികളോട് ചോദിക്കുകയും ഉചിതമായ പരിഹാരം കാണുകയും ചെയ്യുക. ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

error: Content is protected !!