Saturday, April 27, 2024
Homeസ്ത്രീ, കുടുംബം, വീട്സ്ത്രീയുടെ പദവി ഇസ്‌ലാമില്‍

സ്ത്രീയുടെ പദവി ഇസ്‌ലാമില്‍

ചോദ്യം-  ”ഇസ്‌ലാമില്‍ സ്ത്രീ-പുരുഷ സമത്വമുണ്ടോ? സ്ത്രീയുടെ പദവി പുരുഷന്റേതിനേക്കാള്‍ വളരെ താഴെയല്ലേ?”

ഉത്തരം-  മനുഷ്യര്‍ പല തരക്കാരാണ്. മനുഷ്യരിലെ അവസ്ഥാവ്യത്യാസമനുസരിച്ച് അവരുടെ സ്ഥാനപദവികളിലും അവകാശ-ബാധ്യതകളിലും അന്തരമുണ്ടാവുക സ്വാഭാവികവും അനിവാര്യവുമത്രെ. അതുപോലെ സ്ത്രീ-പുരുഷന്മാര്‍ക്കിടയിലും ശാരീരികവും മാനസികവുമായ അന്തരമുണ്ട്. പുരുഷന്‍ എത്രതന്നെ ആഗ്രഹിച്ചാലും ശ്രമിച്ചാലും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും മുലയൂട്ടാനും സാധ്യമല്ലല്ലോ. സ്ത്രീ, പുരുഷനില്‍നിന്ന് വ്യത്യസ്തമായി മാസത്തില്‍ നിശ്ചിത ദിവസങ്ങളില്‍ ആര്‍ത്തവവും അതിന്റെ അനിവാര്യതയായ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും അനുഭവിക്കുന്നു. കായികമായി പുരുഷന്‍ സ്ത്രീയേക്കാള്‍ കരുത്തനും ഭാരിച്ച ജോലികള്‍ ചെയ്യാന്‍ കഴിവുറ്റവനുമാണ്.

പുരുഷന്റെ ഏതാണ്ട് എല്ലാ ശാരീരികാവയവങ്ങളും സ്ത്രീയുടേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പ്രമുഖ ശരീര ശാസ്ത്രജ്ഞനായ ഹാവ്‌ലോക് എല്ലിസ് പറയുന്നു: ”പുരുഷന്‍ അവന്റെ കൈവിരല്‍ത്തുമ്പു വരെ പുരുഷന്‍ തന്നെയാണ്. സ്ത്രീ കാല്‍വിരല്‍ത്തുമ്പുവരെ സ്ത്രീയും”.

Also read: മത്സരത്തിന്റെ മതവിധി; അനുവദനീയമായതും നിഷിദ്ധമായതും

ശരീരഘടനയിലെ അന്തരം മാനസികവും വൈകാരികവുമായ അവസ്ഥയിലും പ്രകടമത്രെ. അതിനാല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ശാരീരികമോ മാനസികമോ ആയ സമത്വമോ തുല്യതയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലെ സമ്പൂര്‍ണ സമത്വം അപ്രായോഗികമാണ്, പ്രകൃതിവിരുദ്ധവും.

മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവം നല്കിയ ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം. അതിനാലത് മനുഷ്യപ്രകൃതിയോട് പൂര്‍ണമായും ഇണങ്ങുന്നതും പൊരുത്തപ്പെടുന്നതുമത്രെ. ഇസ്‌ലാം സ്ത്രീയെയും പുരുഷനെയും അവകാശ-ബാധ്യതകളുടെ പേരില്‍ പരസ്പരം കലഹിക്കുന്ന രണ്ടു ശത്രുവര്‍ഗമായല്ല കാണുന്നത്. ഒരേ വര്‍ഗത്തിലെ അന്യോന്യം സഹകരിച്ചും ഇണങ്ങിയും കഴിയുന്ന, കഴിയേണ്ട രണ്ട് അംഗങ്ങളായാണ്. അല്ലാഹു അറിയിക്കുന്നു: ”നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണ്”(ഖുര്‍ആന്‍ 4:25). പ്രവാചകന്‍ പറഞ്ഞു: ”സ്ത്രീകള്‍ പുരുഷന്മാരുടെ ഭാഗം തന്നെയാണ്”(അബൂദാവൂദ്).

അതിനാല്‍ സ്ത്രീപുരുഷന്മാരുടെ പദവികളെ ഗണിത ശാസ്ത്രപരമായി വിശകലനം ചെയ്യുക സാധ്യമല്ല. ചില കാര്യങ്ങളില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണനയെങ്കില്‍ മറ്റു ചിലതില്‍ സ്ത്രീകള്‍ക്കാണ്. തദ്‌സംബന്ധമായ ഇസ്‌ലാമിന്റെ സമീപനം ഇങ്ങനെ സംഗ്രഹിക്കാം:

1. അല്ലാഹുവിങ്കല്‍ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ എന്തെങ്കിലും അന്തരമോ വിവേചനമോ ഇല്ല. അവന്റെയടുക്കല്‍ സമ്പൂര്‍ണ സമത്വവും തുല്യതയും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.

”പുരുഷനാവട്ടെ സ്ത്രീയാവട്ടെ, ആരു സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നുവോ, ഈ ലോകത്ത് അവര്‍ക്ക് നാം വിശുദ്ധജീവിതം നല്‍കും. പരലോകത്ത് അവരുടെ ശ്രേഷ്ഠവൃത്തികളുടെ അടിസ്ഥാനത്തില്‍ നാമവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും”(16: 97). ”പുരുഷനാവട്ടെ സ്ത്രീയാവട്ടെ, സത്യവിശ്വാസമുള്‍ക്കൊണ്ട് സല്‍ക്കര്‍മമനുഷ്ഠിക്കുന്നതാരോ, അവര്‍ സ്വര്‍ഗാവകാശികളായിരിക്കും”(40: 40). ”അവരുടെ നാഥന്‍ അവരോട് ഉത്തരമേകി: സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ”(3:195).

Also read: ഗർഭിണിയായിരിക്കെ ഭർത്താവ് മരിച്ചാൽ കുട്ടിയുടെ അനന്തരാവകാശം?

2. ഭൂമിയില്‍ ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നത് സ്ത്രീയാണ്. മാതൃത്വത്തോളം മഹിതമായി മറ്റൊന്നും ലോകത്തില്ല. തലമുറകള്‍ക്ക് ജന്മം നല്‍കുന്നത് അവരാണ്. ആദ്യ ഗുരുക്കന്മാരും അവര്‍തന്നെ. മനുഷ്യന്റെ ജനനത്തിലും വളര്‍ച്ചയിലും ഏറ്റവുമധികം പങ്കുവഹിക്കുന്നതും പ്രയാസമനുഭവിക്കുന്നതും മാതാവാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം അനുസരിക്കുകയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മാതാവിനെയാണ്.
ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ചോദിച്ചു: ”ദൈവദൂതരേ, എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?” അവിടന്ന് അരുള്‍ ചെയ്തു: ”നിന്റെ മാതാവ്”. അയാള്‍ ചോദിച്ചു: ”പിന്നെ ആരാണ്?” പ്രവാചകന്‍ പ്രതിവചിച്ചു: ”നിന്റെ മാതാവ്”. അയാള്‍ വീണ്ടും ചോദിച്ചു: ”പിന്നെ ആരാണ്” നബി അറിയിച്ചു: ”നിന്റെ മാതാവ് തന്നെ.” അയാള്‍ ചോദിച്ചു: ”പിന്നെ ആരാണ്?” പ്രവാചകന്‍ പറഞ്ഞു: ”നിന്റെ പിതാവ്”(ബുഖാരി, മുസ്‌ലിം).

വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളെ ഒരുമിച്ച് പരാമര്‍ശിച്ച ഒന്നിലേറെ സ്ഥലങ്ങളില്‍ എടുത്തുപറഞ്ഞത് മാതാവിന്റെ സേവനമാണ്. ”മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമക്കുന്നത്. അവന്റെ മുലകുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. അതിനാല്‍ നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദികാണിക്കണം”(31:14). ”മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്”(46:15). അതിനാല്‍ ഇസ്‌ലാമികവീക്ഷണത്തില്‍ പ്രഥമസ്ഥാനവും പരിഗണനയും മാതാവെന്ന സ്ത്രീക്കാണ്.

Also read: ഇബ്റാഹീം നബിയുടെ മില്ലത്ത് ഏതായിരുന്നു?

3. പുരുഷന്മാരേക്കാള്‍ വിവേകപൂര്‍വവും ഉചിതവുമായ സമീപനം സ്വീകരിക്കാന്‍ സാധിക്കുന്ന സ്ത്രീകളുണ്ടെന്ന് ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ശേബാരാജ്ഞിയുടെ ചരിത്രം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സുലൈമാന്‍ നബിയുടെ സന്ദേശം ലഭിച്ചപ്പോള്‍ അവര്‍ തന്റെ കൊട്ടാരത്തിലുള്ളവരുമായി എന്തുവേണമെന്ന് കൂടിയാലോചിച്ചു. വ്യക്തവും യുക്തവുമായ നിലപാട് സ്വീകരിക്കാനവര്‍ക്ക് സാധിച്ചില്ല. പക്വമായ അഭിപ്രായവും സമീപനവുമുണ്ടായത് ശേബാ രാജ്ഞിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (27: 29,44).

4. ആദ്യപാപത്തിന്റെ കാരണക്കാരി സ്ത്രീയാണെന്ന ജൂത-ക്രൈസ്തവ സങ്കല്‍പത്തെ ഇസ്‌ലാം തീര്‍ത്തും നിരാകരിക്കുന്നു. ദൈവശാസന ലംഘിച്ച് ആദമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ ഇതിന്റെ കുറ്റം പ്രധാനമായും ചുമത്തുന്നത് ആദമിലാണ്, ഹവ്വയിലല്ല. ”അങ്ങനെ ആദമും പത്‌നിയും ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. തദ്ഫലമായി അപ്പോള്‍തന്നെ അവരുടെ നഗ്നത പരസ്പരം വെളിവായി.
https://norgerx.com/viagra-professional-norge.html

ഇരുവരും തോട്ടത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ മറയ്ക്കാന്‍ തുടങ്ങി. ആദം തന്റെ നാഥനെ ധിക്കരിച്ചു. നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചു. പിന്നീട് ആദമിനെ തന്റെ നാഥന്‍ തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും സന്മാര്‍ഗമേകുകയും ചെയ്തു”(20:121-122).
”നാം ഇതിനു മുമ്പ് ആദമിന് കല്‍പന കൊടുത്തിരുന്നു. പക്ഷേ, ആദം അത് മറന്നു. നാം അയാളില്‍ നിശ്ചയദാര്‍ഢ്യം കണ്ടില്ല”(20:115). ആദിപാപത്തിന്റെ കാരണക്കാരി പെണ്ണാണെന്ന പരമ്പരാഗതധാരണയെ ഖുര്‍ആനിവിടെ പൂര്‍ണമായും തിരുത്തുന്നു.

5. ഭോഗാസക്തിക്കടിപ്പെട്ട ഭൗതിക സമൂഹങ്ങള്‍ പലപ്പോഴും സ്ത്രീകളെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കുക മാത്രമല്ല, പെണ്‍കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്താറുമുണ്ട്. സമകാലീന സമൂഹത്തിലെ സ്ഥിതിയും ഭിന്നമല്ല.

Also read: രാജ്യസ്‌നേഹവും ഇസ്‌ലാമും രണ്ടുപക്ഷമല്ല

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കാതിരിക്കാന്‍ അവരെ ഗര്‍ഭപാത്രത്തില്‍വെച്ച് കൊലപ്പെടുത്തുന്ന രീതി ലോകത്തിന്റെ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും വളരെ വ്യാപകമത്രെ.

ഈ ക്രൂരകൃത്യം നബിതിരുമേനിയുടെ ആഗമന കാലത്ത് അറേബ്യയിലെ ചില ഗോത്രങ്ങളിലും നിലനിന്നിരുന്നു. ഖുര്‍ആന്‍ പറയുന്നു: ”അവരിലൊരാള്‍ക്ക് പെണ്‍കുട്ടി പിറന്നതായി സുവാര്‍ത്ത ലഭിച്ചാല്‍ കൊടിയ ദുഃഖം കടിച്ചിറക്കി അവന്റെ മുഖം കറുത്തിരുളുന്നു. അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചു നടക്കുന്നു; ഈ ചീത്ത വാര്‍ത്ത അറിഞ്ഞശേഷം ആരെയും അഭിമുഖീകരിക്കാതിരിക്കാന്‍. മാനഹാനി സഹിച്ച് അതിനെ വളര്‍ത്തേണമോ അതോ അവളെ ജീവനോടെ കുഴിച്ചുമൂടേണമോ എന്ന് അയാള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു”(16: 58, 59).
ഇസ്‌ലാം ഇതിനെ കഠിനമായി വിലക്കുകയും ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട്, അവളെന്ത് അപരാധത്തിന്റെ പേരിലാണ് വധിക്കപ്പെട്ടതെന്ന് ചോദിക്കപ്പെടുന്ന’ വിചാരണനാളിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന താക്കീത് നല്‍കുകയും ചെയ്തു (81: 8,9).

ഇങ്ങനെ ഇസ്‌ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തി. പെണ്‍കുഞ്ഞുങ്ങളെ ഹനിക്കുന്ന ഹീനവൃത്തിക്ക് അറുതിവരുത്തി.
6. എക്കാലത്തും എവിടെയും അവഗണിക്കപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്നതിനാല്‍ ഇസ്‌ലാം അവര്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കി. പ്രവാചകന്‍ പറഞ്ഞു: ”ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നല്ലനിലയില്‍ പരിപാലിക്കുകയും ചെയ്താല്‍ അവര്‍ കാരണമായി അയാള്‍ സ്വര്‍ഗാവകാശിയായിത്തീരും”(ബുഖാരി).

”മൂന്നു പെണ്‍മക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് സ്വര്‍ഗം ലഭിക്കാതിരിക്കില്ല” (ത്വഹാവി). ”നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു” (ത്വബ്‌റാനി).

Also read: കപടവിശ്വാസികളുടെ സ്ഥാനം നരകത്തിന്റെ അടിത്തട്ടോ?

ഈ വിധം പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിച്ചുള്ള സ്ഥാനപദവികളും അവകാശ-ബാധ്യതകളുമാണ് ഇസ്‌ലാം സ്ത്രീപുരുഷന്മാര്‍ക്ക് കല്‍പിക്കുന്നത്. അതുകൊണ്ടുതന്നെ മാതൃത്വത്തിന് മഹത്വമേകുകയും അതിനെ അത്യധികം ആദരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ഏറ്റവും വലിയ സവിശേഷതയും മാതൃത്വമത്രെ. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ധനായ തിയോഡര്‍ റൈക്ക് ‘സ്ത്രീ- പുരുഷന്മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ മാതൃത്വത്തിലഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ”ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട് അനുഗൃഹീതരാണ്. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരറ്റുപോകും. മക്കള്‍ക്ക് ജന്മം നല്‍കുന്നത് ഞങ്ങളാണ്. വരുംതലമുറകളുടെ സാന്നിധ്യം അതുവഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു”.

സ്ത്രീയുടെ ശാരീരിക സവിശേഷതകള്‍ പരിഗണിക്കുകയോ മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുകയോ ചെയ്യാത്ത പ്രകൃതിവിരുദ്ധമായ ഏതു വ്യവസ്ഥിതിയിലും മനുഷ്യന്റെ വിലയിടിയുകയും മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുകയും കുടുംബഘടന ശിഥിലമാവുകയും സമൂഹത്തില്‍നിന്ന് സമാധാനം വിടപറയുകയും വ്യക്തികള്‍ ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് ഏകാന്തതയുടെ കൊടിയ വ്യഥക്ക് വിധേയരാവുകയും ചെയ്യുക അനിവാര്യമാണ്. പ്രകൃതിപരമായ പ്രത്യേകതകള്‍ പൂര്‍ണമായും പരിഗണിക്കുന്ന ഇസ്‌ലാമിക വ്യവസ്ഥ ഇത്തരം ന്യൂനതകളില്‍നിന്ന് തീര്‍ത്തും മുക്തവും പ്രതിസന്ധികള്‍ക്കിടവരുത്താത്തതുമത്രെ.

ശൈഖ് മുഹമ്മദ് കാരകുന്ന്
കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Recent Posts

Related Posts

error: Content is protected !!