Tuesday, May 21, 2024
Homeകാലികംചൂഷണത്തിൽ നിന്നും തൊഴിലാളികളെ ശരീഅത്ത് സംരക്ഷിക്കുന്നുണ്ടോ?

ചൂഷണത്തിൽ നിന്നും തൊഴിലാളികളെ ശരീഅത്ത് സംരക്ഷിക്കുന്നുണ്ടോ?

ചോദ്യം: തൊഴിലാളികളുടെയും തൊഴിലുടമസ്ഥരുടെയും കാര്യത്തിൽ ഇടപെടാൻ ഭരണകൂടത്തിന് ഇസ്ലാം അനുമതി നൽകുന്നുണ്ടോ? തൊഴിലാളികളുടെ വേതനവും അവധിയും നിർണ്ണയിക്കുക, ജോലിയിൽ നിന്നും റിട്ടയറാകുന്ന സമയത്ത് ബോണസും പെൻഷനും നൽകുക, ജോലി സമയം പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടത്തിന് ഇടപടാനാകുമോ? ശരിക്കും അതെല്ലാം തൊഴിലാളികളുടെ അവകാശങ്ങളല്ലേ?

മറുപടി: ഇസ്ലാമിക ശരീഅത്തിൽ നിന്ന് പലരും അശ്രദ്ധരായി പോകുന്ന പ്രധാനപ്പെട്ടൊരു കാര്യം സൂചിപ്പിക്കാൻ ഞാൻ താൽപര്യപ്പെടുന്നു. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വം അഭ്യന്തര സുരക്ഷയോ ബാഹ്യമായ യുദ്ധങ്ങളെ പ്രതിരോധിക്കലോ മാത്രമല്ല. പൊതുവെ എല്ലാവരും വിചാരിക്കുന്നത് പോലെ ഇതര ആളുകളിൽ നിന്ന് രാജ്യത്തിന്റെ പൗരന്മാരെ സംരക്ഷിക്കൽ മാത്രവുമല്ല ഒരു ഭരണകൂടത്തിന്റെ ബാധ്യത. മറിച്ച്, അതിന്റെ ആധിപത്യം എല്ലായിടത്തുമുണ്ട്. അക്രമവും അനീതിയും സംഭവിച്ചേക്കാവുന്ന എല്ലാ ഇടപാടുകളിലും പ്രവർത്തികളിലും ഒരു ഭരണകൂടത്തെ സംബന്ധിച്ചെടുത്തോളം അത് നിർബന്ധമായും ഇടപടേണ്ടതുണ്ട്. ജനങ്ങൾക്കിടയിൽ നീതി നടപ്പിലാക്കേണ്ടതുണ്ട്. ജനങ്ങളെ ബാധിച്ചേക്കാവുന്ന എല്ലാ ബുദ്ധിമുട്ടുകളെയും നീക്കം ചെയ്യുകയും തർക്കങ്ങൾക്ക് ഇട വന്നേക്കാവുന്ന മാർഗങ്ങളെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അങ്ങനെയാണ് ജനങ്ങൾക്കിടയിൽ പരസ്പര സഹായവും ക്ഷേമവും സാധ്യമാക്കാനാകുക. അതിനുള്ള തെളിവുകളാണ് താഴെ പറയുന്നത്:

Also read: അഭയാർത്ഥികളായ സിറിയൻ കുട്ടികളെ കുടുംബത്തോട് ചേർക്കൽ?

1- ഒരു ഇസ്ലാമിക ഭരണകൂടത്തെ സംബന്ധിച്ചെടുത്തോളം അവരുടെ ഉത്തരവാദിത്വങ്ങൾ പരിധികൾക്കതീതമാണ്. നബി(സ്വ) പറയുന്നു: ‘നിങ്ങളെല്ലാവരും അധികാരികളാണ്. നിങ്ങളുടെ അധികാരത്തെക്കുറിച്ച് നിങ്ങൾ ചോദിക്കപ്പെടുക തന്നെ ചെയ്യും. ഇമാം അധികാരിയാണ്, അവന്റെ അധികാരത്തെക്കുറിച്ച് അവൻ ചോദിക്കപ്പെടുക തന്നെ ചെയ്യും’. ഉമർ(റ) അത് തന്നെയാണ് ചെയ്തത്. മഹാൻ പറയുന്നു: യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിൻകുട്ടി ചത്താൽ അതിനെക്കുറിച്ച് പോലും അന്ത്യനാളിൽ അല്ലാഹുവിന് മുമ്പിൽ ഞാൻ ചോദ്യം ചെയ്യപ്പെടും. ഒരു മൃഗത്തിന് മേലുള്ള ഉത്തരവാദിത്വമാണിത്. എങ്കിൽ, മനുഷ്യരുടെ കാര്യത്തിൽ അത് എത്രമാത്രം പ്രധാനമായിരിക്കും?

2- ജനങ്ങൾക്കിടയിൽ നീതി നടപ്പിൽ വരുത്തുകയെന്നത് ഇസ്ലാമിന്റെ മഹത്തായ ലക്ഷ്യങ്ങളിൽ ഒന്നാണ്. അതിന് വേണ്ടിയാണ് വാന-ഭുവനങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പ്രവാചകന്മാർ ദൂതന്മാരായി അയക്കപ്പെട്ടത്. വിശുദ്ധ ഗ്രന്ഥങ്ങൾ അവതീർണ്ണമായത്. ‘നിശ്ചയം, നമ്മുടെ സന്ദേശവാഹകരെ സ്പഷ്ടദൃഷ്ടാന്തങ്ങളുമായി നാം നിയോഗിക്കുകയും ജനങ്ങൾക്ക് നീതിപൂർവ്വം ജീവിക്കാനായി അവരൊന്നിച്ച് വേദവും നീതിനിഷ്ഠയും നാമവതരിപ്പിക്കുകയും ചെയ്തു'(ഹദീദ്: 25). വിശുദ്ധ ഖുർആൻ ഖിസ്ത്വ് എന്ന പദമാണ് നീതിക്കായി ഉപയോഗിച്ചത്. പരസ്പരം നീതിയും ഇടപാടുകളിൽ തെല്ലും അക്രമവും അനീതിയും കാണിക്കാത്ത തരത്തിലുള്ള കൈമാറ്റങ്ങളുമാണ് അതുകൊണ്ടുള്ള ഉദ്ദേശ്യം. മാനുഷിക ജീവിതത്തിൽ നീതിയും സന്തുലിതാവസ്ഥയും അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്ന വേറെയും ഒരുപാട് സൂക്തങ്ങളുണ്ട്. അതുകൊണ്ടാണ് അല്ലാഹു വിശുദ്ധ ഖുർആനെ പറഞ്ഞ ഉടനെ നീതിയെയും സന്തുലിതാവസ്ഥയെയും പ്രതിപാദിച്ചത്. റഹ്മാൻ അധ്യായത്തിൽ ആകാശത്തെ ഉയർത്തിയതിനെക്കുറിച്ച് പ്രതിപാദിച്ചിടത്ത് അല്ലാഹു പറയുന്നു: ‘വാനലോകങ്ങളെ അവൻ ഉയർത്തുകയും തൂക്കത്തിൽ നിങ്ങൾ ക്രമക്കേട് കാട്ടാതിരിക്കാൻ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ നീതിയോടെ തൂക്കം ശരിപ്പെടുത്തുകയും തുലാസിൽ കുറവ് വരുത്താതിരിക്കുകയും വേണം'(റഹ്മാൻ: 79).

ഉടമകൾക്കും വാടകവാങ്ങുന്നവർക്കിടയിലും വിതക്കുന്നവർക്കും കൊയ്യുന്നവർക്കിടയിലും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കിടയിലും തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമിടയിൽ നീതിയും സന്തുലിതാലസ്ഥയും സ്ഥാപിക്കാൻ ഇസ്ലാം മുന്നോട്ട് വന്നതിൽ അത്ഭുതമില്ല. പരസപര അതിക്രമങ്ങളുണ്ടാകുന്നത് തടയുക ഉണ്ടായാൽ അതിന് ശാശ്വത പരിഹാരം കാണുക എന്നതെല്ലാമാണ് അതിന്റെ താൽപര്യം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഭരണാധികാരികളോട് അല്ലാഹു കൽപിച്ചത്; വിശ്വസിച്ചേൽപ്പിച്ച അമാനത്തുകൾ തിരിച്ചു കൊടുക്കാനും നീതികൊണ്ട് വിധിക്കാനും. ‘വിശ്വസിച്ചേൽപിക്കപ്പെട്ട അമാനത്തുകൾ അതിന്റെയാളുകൾക്ക് തിരിച്ചു കൊടുക്കാനും ജനമധ്യേ വിധികൽപിക്കുമ്പോൾ അത് നീതുപൂർവകമാക്കാനും അല്ലാഹു നിങ്ങളോട് അനുശാസിക്കുകയാണ്. എത്ര നല്ല ഉപദേശമാണവൻ നിങ്ങൾക്ക് നൽകുന്നത്'(നിസാഅ്: 58). അനീതിയും അക്രമവും ഇല്ലായ്മ ചെയ്യാൻ സഹായകമാകുന്ന ഏത് പ്രവർത്തിയെയും ഇസ്ലാം സ്വാഗതം ചെയ്യുന്നുണ്ട്.

3- ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സംഭവിക്കുന്നതിന് മുമ്പും സംഭവിച്ചതിന് ശേഷവും അതിനെ തടയിടാനാണ് ശരീഅത്ത് പ്രോത്സാഹിപ്പിക്കന്നത്. പ്രവാചകൻ പറയുന്നു: ‘സ്വയം ബുദ്ധിമുട്ടിലാകലില്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കലുമില്ല’. കർമ്മശാസ്ത്രത്തിലെ അടിസ്ഥാനപരമായ പൊതു തത്വമാണിത്. ഇതിനെ ശക്തിപ്പെടുത്തുന്ന നിരവധി സൂക്തങ്ങളും വിശുദ്ധ ഖുർആനിൽ കാണാം. ഹദീസിൽ പ്രതിപാദിക്കപ്പെട്ട ഈ വാക്യത്തിൽ നിന്നും നിരവധി ഉപനിയമങ്ങളാണ് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഉണ്ടാക്കിയെടുത്തത്. ‘പ്രയാസങ്ങൾ നീക്കപ്പെടും’, ‘പൊതു ബുദ്ധിമുട്ടുകളെ തടയാൻ പ്രത്യേകമായ ബുദ്ധിമുട്ടുകൾ കാരണമാകും’, ‘ചെറിയതുകൊണ്ട് വലിയത് തടയപ്പെടും’.

Also read: കഅ്ബയിലെ കറുത്ത കല്ലും ശിലാപൂജയും

ജനങ്ങൾക്കിടയിൽ പരസ്പരം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യുന്ന എല്ലാ നിയമങ്ങളെയും ശരീഅത്ത് അംഗീകരിക്കുന്നുണ്ട്. കാര്യങ്ങളുടെ അടിസ്ഥാന പ്രശ്‌നമറിഞ്ഞ് പണ്ഡിതന്മാർ അതിന് നിയമങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കാൽനടക്കാരന്റെ ഒരു നിയമത്തിനെതിരെയും പണ്ഡിതന്മാർ എതിർപ്പ് പ്രകടിപ്പിച്ചില്ല. സാമൂഹിക നന്മ ലക്ഷ്യം വെച്ചുകൊണ്ട് വാഹനം ഉപയോഗിക്കുന്നവർക്ക് അവർ പ്രത്യേക നിയമങ്ങൾ വെച്ചു. അതിന് എതിര് പ്രകടിപ്പിക്കുന്നവരെ ശിക്ഷക്ക് വിധേയരാക്കി. ഓരോ വ്യക്തികളുടെയും സുരക്ഷ ലക്ഷ്യം വെച്ചുകൊണ്ട് വാഹനാപകടത്തെ ഇല്ലായ്മ ചെയ്യുന്നിന് ശ്രമിക്കുന്നുവെങ്കിൽ സമൂഹം മുഴുവൻ പരസ്പരം സംഘട്ടനത്തിലായേക്കാവുന്ന കാര്യങ്ങളിൽ നിന്നും അവരെ രക്ഷിക്കലും അനിവാര്യമാണ്.

4- കർമ്മശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം ഒരു മുസ്ലിം രാജ്യത്തിലെ രാജ്യത്തിൽ അതിന് വലിയ സ്വാധീനവും പ്രാധാന്യവുമുണ്ട്. നല്ലതെന്ന് ഉറപ്പിക്കാവുന്ന നിയമങ്ങൾ നിർമ്മിക്കാൻ കർമ്മശാസ്ത്രത്തിന് അധികാരമുണ്ട്. പ്രമാണികതയോട് എതിരാകാത്ത കാലത്തോളം പ്രതിസന്ധിയുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളിലെല്ലാം അവർക്ക് ഉറച്ച നിയമ നിർമ്മാണം നടത്താം. പ്രമാണങ്ങളിൽ വന്നിട്ടില്ലെങ്കിലും പ്രജകൾക്ക് നന്മയെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം നടപ്പിൽ വരുത്താൻ ഭരണാധികാരി ബാധ്യസ്ഥനാണ്. അതുകൊണ്ടാണ് ഖുലഫാഉ റാഷിദുകളെല്ലാം നന്മപൂർണമായ നിരവധി കാര്യങ്ങൾ നടപ്പിൽ വരുത്തിയത്. പ്രവാചൻ(സ്വ) ഒരിക്കലുമത് ചെയ്യുകയോ ചെയ്യാൻ സമ്മതം നൽകുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.

മഹാനായ ഇബ്‌നു ഉഖൈൽ ഹമ്പലിയുടെയും ചില ശീഫിഈ പണ്ഡിതന്മാരുടെയും ഇടയിൽ നടന്ന സംഭാഷണം ഇബ്‌നു ഖയ്യിം ഉദ്ധരിക്കുന്നുണ്ട്; ഇബനു ഉഖൈൽ പറഞ്ഞു: ഭരണത്തിൽ ശറഇയ്യായ രാഷ്ട്രീയം നടപ്പിലാക്കൽ അനിവാര്യമാണ്. അതുകൊണ്ടാണ് അവിടെയുള്ള ഇമാമും ഭരണാധികാരിയും കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. ഒരു ശാഫിഈ പണ്ഡിതൻ പറഞ്ഞു: ശരീഅത്തിനോട് യോചിച്ച രാഷ്ട്രീയം മാത്രമേ അംഗീകരിക്കപ്പെടുകയുള്ളൂ. ഇബ്‌നു ഉഖൈൽ വീണ്ടും പറഞ്ഞു: ജനങ്ങളെ സംബന്ധിച്ചെടുത്തോളം അവർക്ക് നന്മയാണെന്ന് ഉറപ്പുള്ള കാര്യങ്ങൾ പ്രവാചകൻ(സ്വ) ചെയ്തിട്ടില്ലെങ്കിലും വഹിയ് ഇറങ്ങിയിട്ടില്ലെങ്കിലും അതിന് ദൂഷ്യഫലങ്ങൾ വരാത്ത കാലത്തോളം അതിൽ നടപ്പിൽ വരുത്തൽ അധികാരികൾക്ക് നിർബന്ധമാണ്. ശരീഅത്തിനോട് യോചിച്ചത് എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് അതിനോട് എതിരാകാത്തത് എന്നാണെങ്കിൽ അത് ശരിയാണ്. എന്നാൽ, ശരീഅത്ത് പറഞ്ഞത് മാത്രമാണ് രാഷ്ട്രീയമെന്നാണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ അത് തെറ്റുമാണ്. കാരണം, ലോകം ഇന്ന് അംഗീകരിക്കുന്ന പല ശിക്ഷാ നടപടികളെല്ലാം ഇസ്ലാമിക ഖിലീഫമാർ നടപ്പിൽ വരുത്തിയിരുന്നു. ഖുർആനിന്റെ എല്ലാ കോപ്പികളും കത്തിച്ചു കളയാൻ ഉസ്മാൻ(റ) കൽപിച്ചത് ഉമ്മത്തിന്റെ നന്മ മുന്നിൽ കണ്ടായിരുന്നു. മുസ്ലിം ഉമ്മത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു അലി(റ) നിരീശ്വരവാദികളെ കൊന്നത്. നസ്വ്‌റ് ബ്‌നു ഹജ്ജാജിനെ ഉമർ(റ) അധികാരത്തിൽ നിന്ന് പുറത്താക്കിയതും സാമൂഹിക നന്മക്ക് വേണ്ടിയായിരുന്നു.

ഇബ്‌നു ഖയ്യിം പറയുന്നു: നേരായ മാർഗത്തിൽ നിന്നും കാലുകൾക്ക് വ്യതിചലനവും പരസ്പരം തെറ്റിദ്ധാരണകളും ഉണ്ടായേക്കാവുന്ന അപകടകരമായ കാര്യമാണിത്. അതിൽ പലരും അതിക്രമം കാണിക്കുകയും അവകാശ ധ്വംസനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. തെമ്മാടിത്തരത്തെ പിന്തുണക്കുന്ന പല അധികാരികളെയും വളർത്തിയെടുക്കാൻ ഇത് കാരണമായിട്ടുണ്ട്. ജനങ്ങളുടെ നന്മക്ക് വേണ്ടിയല്ലാതെ മറ്റെന്തോ കാര്യങ്ങൾക്ക് വേണ്ടിയാണ് ശരീഅത്ത് നിലനിൽക്കുന്നതെന്ന് സ്ഥാപിക്കാൻ അവർ ശ്രമിച്ചു. യാഥാർത്ഥ്യം അറിഞ്ഞിട്ടും അത് നടപ്പിൽ വരുത്താതെ ജനങ്ങളുടെ കണ്ണുകളിൽ നിന്നും അതിനെ മൂടിവെക്കാൻ ശ്രമിച്ചു. മനപ്പൂർവം അവരതിനെയെല്ലാം അവഗണിച്ചു കളഞ്ഞു. അതെല്ലാം ശരീഅത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ, പ്രവാചകൻ(സ്വ) കൊണ്ടുവന്ന ഒരു കാര്യത്തോടും എതിരല്ലത്. അതെല്ലാം ശരീഅത്തിന് വരുദ്ധമാണെന്ന് പറയുന്നവരുണ്ടെങ്കിൽ അവർക്ക് ശരീഅത്തിനെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്. ജനങ്ങൾ ശരീഅത്തിന് അനുസൃതമായി നിലകൊള്ളുകയും തങ്ങളെ നീതിമാന്മാരായി പരിഗണിക്കുന്നില്ലെന്നും മനസ്സിലാക്കിയ ഇത്തരം അധികാരികൾ രാഷ്ട്രീ സാഹചര്യങ്ങളെ തിന്മകൾക്കും വ്യാപകമായ അനീതികൾക്കുമുള്ള വേദിയാക്കി മാറ്റി. അതോടെ വീണ്ടെടുക്കാനാകാത്ത വിധം കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു.

പിന്നീട് വന്ന ചില വിഭാഗം അവരെ അന്ധമായി പിന്തുടരുകയും അല്ലാഹുവും തിരുനബി(സ്വ)യും കൊണ്ടുവന്ന നിയമങ്ങളെ പരസ്യമായി എതിർക്കാൻ തുടങ്ങി. ഇരുകൂട്ടരും പ്രവാചക ദൗത്യത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും അജ്ഞരാണ്. അല്ലാഹു അവന്റെ ദൂതന്മാരെ ഗ്രന്ഥവുമായി ജനങ്ങൾക്കിടയിലേക്ക് അയച്ചത് അവർക്കിടയിൽ നീതി പരത്താൻ വേണ്ടിയാണ്. വാന-ഭുവനങ്ങളെ നിലനിർത്തുന്ന നീതിയാണത്. നീതി പുലരുന്നിടത്താണ് ശരീഅത്തും ദീനും വളരുന്നത്. നീതിപൂർവമായ രാഷ്ട്രീയം ശരീഅത്തിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. കാരണം, അതാണ് യഥാർത്ഥത്തിൽ ശരീഅത്തിനോട് യോചിച്ചത്. അത് ശരീഅത്തിന്റെ ഭാഗം തന്നെയാണ്. നാമതിനെ രാഷ്ട്രീയമെന്ന് പേരിട്ടുവിളിക്കുന്നുവെന്ന് മാത്രം. യഥാർത്ഥത്തിൽ അത് അല്ലാഹുവിന്റെയും പ്രവാചകന്റെ(സ്വ)യും നീതിയാണ്. നീതിയുടെ അടയാളങ്ങളും കൊടികളുമായാണ് നബി(സ്വ) ജനങ്ങൾക്കിടയിലേക്ക് അയക്കപ്പെട്ടത്.

Also read: സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൊല്ലുന്നതിൻെറ വിധി

ലോക സംഘടനകളെക്കാളും ഭരണകൂടങ്ങളെക്കാളും മുമ്പെ തൊഴിലാളിയെ പരിഗണിച്ചതും അവന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതും ഇസ്ലാമിക ശരീഅത്താണ്. നബി(സ്വ) പറയുന്നു: ‘വിയർപ്പ് വറ്റും മുമ്പേ തൊഴിലാളിക്ക് അവന്റെ വേതനം നൽകണം’. ഇബ്‌നു ഉമറി(റ)നെത്തൊട്ട് ഇമാം ഇബ്‌നു മാജയും അബൂ ഹുറൈറ(റ)യെത്തൊട്ട് ഇമാം അബ്ദു റസാഖും ജാബിറി(റ)നെത്തൊട്ട് ഇമാം ത്വബ്‌റാനിയും അനസ് ബ്‌നു മാലിക്കി(റ)നെത്തൊട്ട് ഇമാം തിർമുദിയും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അന്ത്യനാളിൽ അല്ലാഹു തർക്കിക്കുന്ന മൂന്നാമത്തെ ആളുകളെക്കുറിച്ച് സ്വഹീഹുൽ ജാമിഉസ്സ്വഗീർ എന്ന ഗ്രന്ഥത്തിൽ ഇമാം അൽബാനി പറയുന്നു: തൊഴിലാളിയെ കൂലിക്ക് വിളിക്കുകയും അവൻ പണി പൂർത്തീകരിച്ചതിന് ശേഷം അവന്റെ വേതനം നൽകാത്ത വ്യക്തി. അബൂ ഹുറൈറ(റ)യെത്തൊട്ട് ഇമാം ബുഖാരി ഇത് ഉദ്ധരിക്കുന്നുണ്ട്.

തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പുനൽകുന്ന നിയമനിർമ്മാണം നടത്തുകയും ഒരു അധികാരിയും പാവപ്പെട്ടവനെ അക്രമിക്കുകയും ഒരു സംഘം മറ്റൊരു സംഘത്തെ മുതലെടുപ്പ് നടത്തുകയും തൊഴിലാളികളെ സ്വാധീനിക്കാൻ ഇടത്തരക്കാർ ശ്രമിക്കുകയും ചെയ്യുന്ന രീതിയിൽതൊഴിലാളികളും തൊഴിലുടമകളും തമ്മിൽ വ്യക്തമായൊരു അടിസ്ഥാനത്തിൽ ഇടപാട് നടത്താനുള്ള സംവിധാനം ഒരുക്കുകയും ചെയ്തുവെന്നതിലേക്ക് മാത്രമായി ശരീഅത്തിനെ ചുരുക്കാനാകില്ല. അതുകൊണ്ടാണ് തൊഴിലാളികളുടെ കാര്യത്തിലും അവരെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിലും അധികാരികൾക്ക് ഇടപെടാമെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രസ്താവിച്ചത്. ഹിസ്ബയെക്കുറിച്ചുള്ള തന്റെ കത്തിൽ ഇബ്‌നു തൈമിയ്യ അതെല്ലാം വിശദീകരിക്കുന്നുണ്ട്. ഒരാളിൽ നിന്നും മറ്റൊരാൾക്ക് നേരിടേണ്ടി വരുന്ന അനീതിയെ ചെറുക്കുക, അല്ലാഹു കൽപിച്ച രീതിയിൽ എല്ലാവർക്കും നീതി നടപ്പിലാക്കുക എന്നിവയെല്ലാം ഈ ഇടപെടലുകളുടെ പ്രധാന താൽപര്യമാണ്. അതിലൂടെയെല്ലാമാണ് ജനങ്ങൾക്ക് ലഭിക്കേണ്ട നന്മകൾ സമ്പൂർണ്ണമാവുക. ജനങ്ങളിൽ ആർക്കെങ്കിലും കൃഷിക്കോ വീട് നിർമ്മാണത്തിനോ നെയ്ത്തിനോ ആവശ്യമുണ്ടെങ്കിൽ തൊഴിലാളികൾ നിർബന്ധമായും അത് ചെയ്തുകൊടുക്കണം. അവരുടെ പ്രവർത്തനത്തിന്റെ തോതനുസരിച്ച് അവർക്ക് വേതനം നൽകാൻ ഭരണാധികാരികളും ശ്രദ്ധിക്കണം. തൊഴിലാളികൾ അവർ പ്രവർത്തിച്ചതിനേക്കാൾ അമിതമായി വേതനം ചോദിക്കുന്നത് അംഗീകരിക്കാനാവില്ല. അവർക്ക് അവകാശപ്പെട്ടതിലും അപ്പുറം ചോദിക്കുന്നത് അനീതിയാണ്.

തുല്യമായ വേതനമെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞത് തൊഴിലാളികളുടെ ജോലിക്കനുസരിച്ചുള്ള വേതനമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മുഴുവൻ വിലയിരുത്തി നീതിപുർവമാണ് അത് നിശ്ചയിക്കപ്പെടുന്നത്. എല്ലാത്തിനും കൃത്യമായ വില നിർണ്ണയിക്കാൻ പ്രവാചനകൻ(സ്വ) വിസമ്മതിച്ചത് അത് വിലക്കയറ്റത്തിന്റെ സമയമായിരുന്നതിനാലാണ്. അനസ്(റ) ഉദ്ധരിക്കുന്നു: പ്രവാചകന്റെ കാലത്ത് എല്ലാ വസ്തുവിലും വലിയ വിലക്കയറ്റമുണ്ടായി. അന്നേരം സ്വഹാബികൾ പ്രവാചകനോട് പരാതി പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഓരോന്നിനും നിങ്ങൾ വില നിർണ്ണയിക്കണം. പ്രവാചകൻ പറഞ്ഞു: ‘അല്ലാഹുവമാണ് വില നിശ്ചയിക്കുന്നവൻ, അവനാണ് സഹായിക്കുന്നവനും അനുഗ്രഹത്തെ പിടിച്ചുവെക്കുന്നവനും. അതിൽ അല്ലാഹു നിശ്ചയിച്ചത് തന്നെ നടക്കട്ടെ എന്നാണ് ഞാൻ കരുതുന്നത്. ഒരാളുടെ സമ്പാദ്യത്തിലും രക്തത്തിലും അനീതിയോ അക്രമമോ കാണിക്കാൻ നിങ്ങളെന്നോട് ആവശ്യപ്പെടരുത്'(അബൂ ദാവൂദ്, തിർമുദി). അടിസ്ഥാനം കമ്പോളത്തിന്റെ സ്വാതന്ത്ര്യമാണെന്നും ബാഹ്യമായൊരു ഇടപെടൽ ഇല്ലാതെത്തന്നെ അതിന്റെ സ്വാഭിവിക നിയമത്തിന് വിടുകയാണ് നല്ലതെന്നുമാണ് ഹദീസ് പറഞ്ഞുവെക്കുന്നത്. എന്നാൽ ഇടനിലക്കാരും ചൂഷണത്തിന് ശ്രമിക്കുന്നവരും കുത്തകകളും ഈ പ്രകൃതി നിയമത്തിൽ ഇടപെടുകയാണെങ്കിൽ സ്വഭാവികമായും ശരീഅത്തിന് അനുസൃതമായുള്ള ഭരണകൂടത്തിന് അവിടെ ഇടപെടേണ്ടിവരും. ഓരോന്നിലും വില നിർണ്ണയിക്കുകയും ചില കാര്യങ്ങളിൽ പരിധി നിശ്ചിയിക്കേണ്ടി വരികയും ചെയ്യും. അന്നേരം കമ്പോള കാര്യങ്ങളിൽ ഭരണാധികാരികൾ ഇടപെടുകയെന്നത് അത് ശരീഅത്തിന്റെ ഭാഗം തന്നെയാണ്.

Also read: ഭർത്താവ് മരിച്ച സ്ത്രീ ഇദ്ദയിരിക്കാതിരിക്കുന്നതിൻെറ വിധി?

ഇബ്‌നു തൈമിയ്യ പറയുന്നു: ‘മൂല്യ നിർണ്ണയത്തിൽ നിഷേധാത്മകമായ അനീതി കടന്നുവരാം. അതുപോലെത്തന്നെ നീതിയും കടന്നുവരാം. ജനങ്ങൾ ഇഷ്ടപ്പെടാത്ത വില നിശ്ചയിട്ട് അവർക്ക് അതൃപ്തിയും ബുദ്ധിമുട്ടും സൃഷ്ടിച്ചും അല്ലാഹു അവർക്ക് അനുവദനീയമാക്കി നൽകിയത് തടഞ്ഞുവെച്ചുമാണ് ഭരണകൂടം അത് നടപ്പിൽ വരുത്തുന്നതെങ്കിൽ അത് തീർത്തം നിഷിദ്ധമാണ്. എന്നാൽ അവർക്ക് അവകാശപ്പെട്ട രീതിയിൽ ജോലിക്ക് തുല്യമായ വേതനം നൽകുന്ന രീതിയിൽ ജനങ്ങൾക്കിടിയിൽ നീതി പരത്തുന്നതാണെങ്കിൽ അത് പ്രോത്സാഹനീയവും ചിലപ്പോൾ അനിവാര്യവുമാണ്’.

ആദ്യം പറഞ്ഞ വിഭാഗം അത് അനസ്(റ) ഉദ്ധരിച്ച ഹദീസിൽ പ്രതിപാദിച്ചത് പോലെയാണ്. ജനങ്ങൾ യാതൊരു അനീതിയും കാണിക്കാതെത്തന്നെ കച്ചവടം ചെയ്യുകയും അതിനിടെ ആവശ്യക്കാർ കൂടുകയും ചരക്കിൽ കുറവ് വരികയും ചെയ്തപ്പോൾ വിലക്കയറ്റമുണ്ടായാൽ അത് അല്ലാഹുവിലേക്ക് തന്നെ വിടണം. അന്നേരം കൃത്യമായൊരു വില നിശ്ചയിച്ച് അതനുസരിച്ച് വിൽക്കണമെന്ന് പറയുന്നത് അവരുടെ അവകാശത്തെ നിഷേധിക്കലാണ്. രണ്ടാമത്തേത്, ജനങ്ങൾക്ക് ആവശ്യമുണ്ടായിരിക്കെ ചരക്കുകളുടെ ഉടമസ്ഥന്മാർ അത് പിടിച്ചുവെക്കുകയും എന്നിട്ട് കൂടിയ വിലക്ക് വിൽക്കുകയും ചെയ്യുന്ന രീതി. അവിടെ കൃത്യമായ വില നിർണ്ണയിക്കുകയും അതനസുരിച്ച് കച്ചവടം ചെയ്യാൻ കൽപിക്കുകയും വേണം. ഇവിടെ വില നിശ്ചയിക്കുകയെന്നത് ജനങ്ങൾക്കിടയിൽ നീതി നടപ്പിൽ വരുത്താൻ വേണ്ടിയാണ്.

ഇബ്‌നു തൈമിയ്യ പറയുന്നു: ‘പ്രവാചകരുടെ കാലത്ത് മദീനയിൽ ചരക്കുകൾക്ക് വില നിർണ്ണിയക്കാതിരുന്നതിന് കാരണം അവിടെ വാടകക്ക് പൊടിക്കുന്നവരോ പത്തിരിയുണ്ടാക്കുന്നവരോ മാവും പത്തിരിയും വിൽക്കുന്നവരോ ഉണ്ടായിരുന്നില്ല. മറിച്ച്, ധാന്യം വാങ്ങി സ്വന്തം വീടുകളിൽ വെച്ച് പൊടിക്കുകയും പത്തിരിയുണ്ടാക്കുകയും ചെയ്യുന്നവരായിരുന്നു. ധാന്യങ്ങളെല്ലാം കുത്തകകളിൽ നിന്ന് നേരിട്ടായിരുന്നു അവർ വാങ്ങിയിരുന്നത്. അതുകൊണ്ടാണ് ‘കുത്തകകൾ അനുഗ്രഹിക്കപ്പെട്ടവരും അത് പൂഴ്ത്തിവെക്കുന്നവർ ശപിക്കപ്പെട്ടവരുമാണെന്ന്’ പ്രവാചകൻ പറഞ്ഞത്. അതുപോലെത്തന്നെ മദീനയിൽ നെയ്ത്തുകാരുണ്ടായിരുന്നില്ല. ശാമിൽ നിന്നും യമനിൽ നിന്നും വരുന്നവരിൽ നിന്നും വസ്ത്രം വാങ്ങുകയും അത് വിൽക്കുകയും ധരിക്കുകയും ചെയ്യുന്നവരായിരുന്നു’.

വിലനിർണ്ണയത്തെക്കുറിച്ച് പറഞ്ഞ ഹദീസിന്റെ അവസാനം പറയുന്നു: ‘ചുരുക്കത്തിൽ: വിലനിർണ്ണയം കൊണ്ടുമാത്രമാണ് ജനങ്ങൾക്ക് ലഭിക്കേണ്ട നന്മ പരിപൂർണ്ണമാവൂ എങ്കിൽ നീതിപൂർവം അവർക്കിടയിൽ ഓരോന്നിനും വില നിശ്ചയിക്കണം. ഇനി വിലനിർണ്ണയമില്ലാതെത്തന്നെ നീതിയും മാനുഷിക നന്മയും നിലനിൽക്കുന്നുവെങ്കിൽ പിന്നെയും അതിന് ശ്രമിക്കരുത്’. വില നിർണ്ണയിക്കുക, നിർണ്ണയിക്കാതിരിക്കുക തുടങ്ങിയതെല്ലാം ജനങ്ങളുടെ നന്മ അടിസ്ഥാനപ്പെടുത്തിയാണ്.

Also read: നിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?

രത്‌നച്ചുരുക്കം: സാഹചര്യവും മാനുഷിക നന്മയും ആവശ്യപ്പെടുന്നുവെങ്കിൽ തൊഴിലാളികളുടെ വേതനം നിർണ്ണയിക്കുന്നതിലും നീതി നടപ്പിൽ വരുത്തി അനീതിയുടെയും പരസ്പര തർക്കത്തിന്റെയും വാതിലുകൾ കൊട്ടിയടക്കുന്നതിനും മുസ്ലിം ഭരണകൂടം നടത്തുന്ന ഇടപെടലുകളെ ശരീഅത്ത് സ്വാഗതം ചെയ്യുന്നു. തൊഴിലാളികളുടെയോ തൊഴിലുടമകളുടെയോ മേൽ യാതൊരു മുൻവിധിയുമില്ലാത്ത, പക്ഷപാതിത്വമില്ലാത്ത, വേതനം കൃത്യമായി നിർണ്ണയിക്കാൻ കഴിയുന്ന പരിചയ സമ്പന്നരെയാണ് ഇതിനായി ഭരണകൂടം ആശ്രയിക്കേണ്ടത്. ജോലി സമയം, പ്രതിവാര, വാർഷിക, അസുഖ അവധി മുതലായവ നിർണ്ണയിക്കാനുള്ള ഭരണകൂടത്തിന്റെ ഇടപെടലും ഇതിന്റെ ഭാഗമാണ്.

അതുപോലെത്തന്നെ ആധുനിക കാലത്ത് പൊതു ആവശ്യമായി വന്ന ബോണസുകൾക്കും പെൻഷനുകൾക്കും കൃത്യമായ നിയമ നിർമ്മാണം നടത്താൻ ഭരണകൂടം ബാധ്യസ്ഥരാണ്. ഇക്കാരണങ്ങൾകൊണ്ടെല്ലാമാണ് കാലത്തിനും ദേശത്തിനും സാഹചര്യത്തിനും അനുസരിച്ച് ഫതുവകളിൽ മാറ്റമുണ്ടാകുമെന്ന് കർമ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. ഇതെല്ലാം ശരീഅത്ത് അംഗീകരിക്കുന്ന രാഷ്ട്രീയത്തിന് കീഴിൽ വരുന്നവയാണ്.

വിവ- മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!